കാടിറങ്ങി കാഞ്ഞിരപ്പള്ളിയിൽ സിംഹവാലൻ കുരങ്ങ്; കാണാനും ഫോട്ടോ എടുക്കാനും തിരക്ക്

കഴിഞ്ഞ 2 ദിവസമായി  കാഞ്ഞിരപ്പളി കാളകെട്ടി ജംക്‌ഷനിലും‍ ജനവാസകേന്ദ്രത്തിലുമായി സിംഹവാലൻ കുരങ്ങ് കറങ്ങിനടക്കുകയാണ്. ചൊവ്വാഴ്ച മാഞ്ഞുക്കുളം വില്ലാനിക്കൽ എം.കെ.രവീന്ദ്രൻ നായരുടെ പുരയിടത്തിലെ മാവിലാണ് ആദ്യം കുരങ്ങിനെ കണ്ടത്. പറമ്പുകളിലെ മാമ്പഴവും ആഞ്ഞിലിപ്പഴവും ചാമ്പങ്ങയും പറിച്ചു ഭക്ഷിച്ചു കറങ്ങിനടന്ന സിംഹവാലൻ  ഇന്നലെ രാവിലെ കാളകെട്ടി ജംക്‌ഷനിലെത്തിയ കുരങ്ങ് മൊബൈൽ ടവറിനു മുകളിലും കടയുടെ മേൽക്കൂരയിലും വഴിയരികിലെ ഓട്ടോറിക്ഷയുടെ മുകളിലുമെല്ലാം കയറിയിറങ്ങി. സിംഹവാലൻ കുരങ്ങിനെ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ കൂടി. പഴങ്ങൾ പറിച്ചു കഴിക്കുന്നതൊഴിച്ചാൽ മറ്റു ശല്യമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. വനപ്രദേശങ്ങളിലൂടെ ഓടിയെത്തിയ ലോറികളിലോ മറ്റു വാഹനങ്ങളിലോ കയറിയാകാം കുരങ്ങ് ഇവിടെയെത്തിയതെന്നു നാട്ടുകാർ കരുതുന്നു.