ഡോക്ടർ പരിശോധിച്ചപ്പോൾ കരഞ്ഞതിന് 3100 രൂപ; ബില്ല് പങ്കിട്ട് യുവതി; രോഷം

സഹോദരിയെ ഡോക്ടറിനെ കാണിച്ചതിന് ലഭിച്ച ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് യുഎസ് സ്വദേശിനി. ഡോക്ടർ പരിശോധിക്കവേ സഹോദരി കരഞ്ഞതിനും പണം ഈടാക്കിയിരിക്കുന്നു. 40 യുഎസ് ഡോളർ, അതായത് ഏകദേശം 3,100 രൂപയാണ് കരഞ്ഞതിനുള്ള തുക.

ട്വിറ്ററിലൂടെയാണ് കമില്ലെ ജോൺസൺ ഇക്കാര്യം ലോകത്തോട് പറഞ്ഞത്. സഹോദരിയുടെ മെഡിക്കൽ ബില്ലിന്റെ ചിത്രവും പങ്കുവെച്ചു. സഹോദരിക്ക് അപൂർവ അസുഖമാണെന്നും മാനസികമായി തകർന്ന അവസ്ഥയിലാണെന്നും പെട്ടെന്ന് വികാരാധിനയാകുമെന്നും ഇവർ പറയുന്നു. അതുകൊണ്ടാണ് വൈദ്യ സഹായം തേടിയത്. ഡോക്ടറിന്റെ അടുത്ത് എത്തിയപ്പോൾ അവർ കരഞ്ഞിരുന്നു. അതിന് ബില്ലിൽ പണം ഈടാക്കിയിരിക്കുന്നു. 

മറ്റ് പരിശോധനകളുടെ തുകയ്ക്കൊപ്പമാണ് കരഞ്ഞതിന് 40 ഡോളർ ചേർത്തിരിക്കുന്നത്. എന്തിനാണ് അവൾ കരയുന്നതെന്ന് തിരക്കിയില്ല, അതിന് പരിഹാരം നിർദേശിച്ചില്ല, പരിശോധിച്ചില്ല, മരുന്ന് കുറിച്ചില്ല. പകരം കരഞ്ഞതിന് പണം ഈടാക്കി. ഇതാണോ മര്യാദ എന്നാണ് കമില്ലെ ചോദിക്കുന്നത്. ട്വീറ്റ് വലിയ തരത്തിലാണ് ഇപ്പോൾ പങ്കുവെയ്ക്കപ്പെടുന്നത്. രൂക്ഷ വിമർശനവും രോഷവുമാണ് ഡോക്ടർക്കെതിരെ ഉയരുന്നത്.