300 തവണ കടിയേറ്റു; മരണനൂൽ പൊട്ടിച്ചെറിഞ്ഞ നിമിഷം; വാവയുടെ കഥ

ഒരിക്കൽക്കൂടി വിധി പത്തിമടക്കി. സ്നേഹിക്കുന്നവർ ഒന്നടങ്കം പറഞ്ഞു വാ..വാ.. എന്ന്. അതോടെ വാവാ സുരേഷ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇഴഞ്ഞെത്തിയ ദൗർഭാഗ്യത്തെ തോൽപ്പിച്ചു കൊണ്ട് അദ്ദേഹം ഇനിയും നമുക്കിടയിൽ ഉണ്ടാകും. ഏതു പാതിരാത്രിയിൽ വിളിച്ചാലും 9387974441 എന്ന മൊബൈൽ ഫോണിന്റെ മറുതലയ്ക്കൽ ഇനിയും ആ മറുപടി ഉണ്ടാകും. ‘ദാ... ഞാൻ എത്തി’. 

ആഞ്ഞു കൊത്താനായുന്ന മൂർഖന്റെ ക്രൗര്യം നിറഞ്ഞ കണ്ണുകളിലേക്കു സ്‌നേഹത്തോടെയാരു നോട്ടത്തിന്റെ ചൂണ്ടയേറ്. ചുണ്ടിൽ ഇഷ്‌ടത്തിന്റെ ദംശനമുള്ള പുഞ്ചിരി. വിരലുകളിൽ നാഗ നൃത്തവും ചുണ്ടിലൊരു മൂളിപ്പാട്ടും.. ഒടുവിലൊരു സ്‌നേഹ സ്‌പർശം. ഇതു മാത്രം മതി, ഏതു വിഷ സർപ്പവും സുരേഷിന്റെ മുന്നിൽ വാവയാകും. പക്ഷെ ജനുവരി 31 ന് കോട്ടയം ജില്ലയിലെ കുറിച്ചിയിലെ ‘അതിഥി’യ്ക്കു മുന്നിൽ സുരേഷിനു ടൈമിങ് അൽപം പിഴച്ചു. ഇടതു കാൽമുട്ടിനു മുകളിലായി ഒരു ഉഗ്രൻ കടി. കണ്ടുനിന്നവർ നടുങ്ങിയ നിമിഷം. മനസാന്നിധ്യം കൈവിടാതെ സുരേഷ് തന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. മുറിവിലെ ചോര ഞെക്കിക്കളഞ്ഞു. തുണി കൊണ്ട് മുറി കെട്ടി. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിലേക്ക്. പ്രാർഥനകളുടെ ദിനങ്ങളായിരുന്നു പിന്നീട്. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്കയുണർത്തി. തലച്ചോറിന്റേയും ഹൃദയത്തിന്റേയും പ്രവർത്തനം താളംതെറ്റി. ഓർമ‌ശേഷിയും സംസാരശേഷിയും കുറഞ്ഞു. നിർണായക മണിക്കൂറുകളെന്ന് ഡോക്ടർമാർ. എന്നാൽ പതുക്കെ വാവ സുരേഷ് സുഖം പ്രാപിക്കാൻ തുടങ്ങി. വിഷം ശരീരത്തിൽ നിന്നും പൂർണമായും നീക്കി. ‘ഞാന്‍ സുരേഷ്, വാവ സുരേഷ്' - കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി വാവയെ സ്‌നേഹിക്കുന്നവര്‍ക്കു വലിയ ആശ്വാസമായി. ഇതിനു മുൻപ് 11 തവണയും വെന്റിലേറ്ററിൽ നിന്നും പുഞ്ചിരിയോടെ പുറത്തെത്തിയ പോലെ ഇത്തവണയും.  

ഒന്നും രണ്ടുമല്ല, മുന്നൂറു തവണ ഇതിനു മുൻപ് വിഷപ്പല്ലുകൾ വാവ സുരേഷിന്റെ ശരീരത്തിൽ അമർന്നിട്ടുണ്ട്. പാമ്പിനെ കയ്യിലെടുത്തു കഴിഞ്ഞാൽ ചുറ്റുവട്ടത്തുള്ളവരോട് മുന്നിൽനിന്ന് മാറി നിൽക്കാൻ വാവ ആവശ്യപ്പെടും. അനക്കം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണിത്. കാരണം കേൾവിശക്തി ഇല്ലാത്ത പാമ്പുകൾ മുന്നിലുള്ള അനക്കം മാത്രമാണ് കാണുന്നതെന്ന് വാവ എപ്പോഴും പറയും. അതിന്റെ ശ്രദ്ധ മാറുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത കടി കിട്ടിയേക്കാം. മെഡിക്കൽ കോളജിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ബോധമറ്റ് കിടക്കുന്നതൊന്നും വാവയ്ക്ക് പുതുമയല്ല. 

ഏറ്റവും ഒടുവിൽ 2020 ഫെബ്രുവരിയിലാണ് വാവയ്ക്ക് അണലിയുടെ കടിയേറ്റത്. ശംഖുവരയനെയാണ് ഏറ്റവും സൂക്ഷിക്കണ്ടത് എന്ന് വാവ പറയും. കാരണം ആഴത്തിലുള്ള മുറിവുകളോ വലിയ വേദനയോ ഒന്നും ഉണ്ടാവില്ല. വിഷം ഉള്ളിലെത്തി കാഴ്ച മറയുമ്പോഴായിരിക്കും കടിയേറ്റത് അറിയുന്നത് തന്നെ. കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പൊലീസിനും പ്രോസിക്യൂഷനും തുണയായതും വാവ സുരേഷിന്റെ അനുഭവ പരിചയം തന്നെയാണ്. പാമ്പുകളെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ മാറ്റാനും വാവയ്ക്കു സാധിച്ചു. നാഗമാണിക്യം, പാമ്പുകളുെട പക തുടങ്ങിവയൊക്കെ അടിസ്ഥാനരഹിതമെന്നു ഇദ്ദേഹം ശാസ്ത്രീയമായി വിശദീകരിച്ചു. 

ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പാമ്പിനെ പിടിച്ചത്. വീട്ടിൽ നിന്നു വയൽവരമ്പിലൂടെ സ്‌കൂളിലേക്കു പോയപ്പോൾ ഒരു കുഞ്ഞ് പാമ്പ് പത്തി വിടർത്തി നിൽക്കുന്നതു കണ്ടു. കൗതുകം തോന്നി പാമ്പിൻ കുട്ടിയെ പിടിച്ച് കുപ്പിയിലാക്കി. അടപ്പിൽ കോംപസ് കൊണ്ടു ദ്വാരമുണ്ടാക്കി. ബാഗിലൊളിപ്പിച്ച് വീട്ടിലെത്തി. അന്നു സ്‌കൂളിൽ പോയില്ല. ആരുമറിയാതെ വീട്ടിൽ പുസ്‌തകത്തിനിടയിൽ തിരുകി വച്ചു. അമ്മ ഇതു കണ്ടു പിടിച്ചതോടെ ചുട്ട അടി കിട്ടി.. അടി കിട്ടിയപ്പോൾ വീട്ടിനു സമീപത്തെ പറമ്പിൽ പാമ്പിനെ തുറന്നു വിട്ടു. അന്നു തുടങ്ങി പാമ്പകളോടുള്ള പ്രണയം.  

ഓരോ പാമ്പിനെ പിടിക്കുമ്പോഴും അവയുടെ ഇനവും പ്രത്യേകതകളും ഡയറിയിൽ  കുറിച്ചിടും. ഇതുവരെ 49,800 പാമ്പുകളെ പിടിച്ചു. ഇതിൽ 15,000 മൂർഖൻമാരായിരുന്നു. 71 രാജവെമ്പാലകൾ, 5000 അണലികൾ, 150 പെരുമ്പാമ്പ്... 300 തവണ പാമ്പുകടിയേറ്റു. 10 തവണ ആശുപത്രിയിലായി. രണ്ടു തവണ വെന്റിലേറ്ററിലും എട്ടുതവണ തീവ്രപരിചരണ വിഭാഗത്തിലും കിടന്നു. മരണത്തെ പലപ്പോഴും തൊട്ടടുത്തു കണ്ടു... പക്ഷേ, എല്ലായ്പോഴും മരണനൂലു പൊട്ടിച്ചെറിഞ്ഞു  ജീവിതത്തിലേക്കു മടങ്ങിയെത്തി. കടിച്ച പാമ്പിനോടൊരിക്കലും എനിക്കു ദേഷ്യമില്ല, സ്വതന്ത്രനായി നടന്ന അവനെ പിടിച്ചതുകൊണ്ടല്ലേ എന്നെ അവൻ കടിച്ചത്– ഇതായിരുന്നു വാവ സുരേഷിന്റെ പ്രതികരണം. 

എന്തായാലും ഇനി ഒരു ചെറിയ വിശ്രമം. അതു കഴി​ഞ്ഞ് വീണ്ടും വാവ അതിഥികളെ തേടി വരും. പെട്രോൾ കാശ് പോലും കിട്ടാതെ, കൊടുത്താലും വാങ്ങാൻ നിൽക്കാതെ, ഒരു ചെറുചിരി സമ്മാനിച്ച് വാവ പാമ്പിനെയും ചാക്കിലാക്കി മടങ്ങും