തുള്ളിച്ചാടി നടക്കും; ലെവിക്കുണ്ടൊരു കുഞ്ഞാട് കടും കാപ്പി കുടിക്കും കുഞ്ഞാട് !

ലെവിയും, ഭാര്യ ആലീസും ഓർവയലിലെ കുഴിമറ്റം വീട്ടിൽ ‘രചിക്കുന്നത്’പുതിയൊരു ആടു ജീവിതം !. നാൽപതിലധികം ആടുകൾ വീട്ടുമുറ്റത്തു തുള്ളിച്ചാടി നടക്കുന്നു. ബ്ലാക്കി, ശബരി, ഡിംപു, റോസ്, യംപൂട്ടൻ... പേരു വിളിച്ചാൽ പാഞ്ഞെത്തി കുടുംബാംഗങ്ങളുടെ മടിയിൽ കയറിയിരിക്കും ഇവർ. പ്രാർഥനയ്ക്കായി പായ വിരിച്ചാൽ പായയിൽ വന്നിരിക്കും ബ്ലാക്കി. കുക്കിടിക്കു എന്നും രാവിലെ കടുംകാപ്പി നി‍ർബന്ധം. വീട്ടുകാർ  കടുംകാപ്പി ഇടുമ്പോൾ കുക്കിടി മുറ്റത്ത് ഹാജർ. 5 വർഷം മുൻപാണ് ലെവിയും ആലീസും ആടു വളർത്തൽ ആരംഭിച്ചത്. ഐപിസി മണർകാട് സഭയിൽ പാസ്റ്ററാണ് ലെവി. 

കറാച്ചി, കരോളി, ജമുനപ്യാരി, ബീറ്റൽ, മലബാറി, പഞ്ചാബി ബീറ്റൽ, ബീറ്റൽ ക്രോസ് തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള ആടുകളും കുഞ്ഞുങ്ങളുമുണ്ട്. വലുപ്പമുള്ള ചെവിയും, വെള്ളി നിറമുള്ള കണ്ണുമാണ് കരോളിയുടെ പ്രത്യേകത. 4 ലീറ്റർ പാൽ വരെ ലഭിക്കും. തലയെടുപ്പും തൂക്കം കൂടുതലുള്ളതുമാണ് കറാച്ചി ഇനം. ആടുകളോടു വീട്ടുകാർ കാട്ടുന്ന സ്നേഹവും കൗതുകകരമാണ്. പ്രസവിച്ച  ആടിന്റെ പാൽ 3 മാസത്തേക്കു കറന്നെടുക്കില്ല. 6 മാസം കഴിയാതെ ആട്ടിൻ കുഞ്ഞുങ്ങളുടെ കഴുത്തിൽ കയർ ഇടില്ല. ഇവയെല്ലാം തുള്ളിച്ചാടി  വീട്ടുമുറ്റത്തു കാണും. പുലർച്ചെ 4  മുതൽ രാത്രി 11 വരെ നീളും ഇവയുടെ ശുശ്രൂഷ.