മാസം തികയാത്ത പ്രസവം; നാലുകോടി ബില്ല്; ഞെട്ടി യുവതിയും കുടുംബവും

മാസം തികയാതെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയിൽ നിന്ന് നാലുകോടിയിലേറെ രൂപ ഈടാക്കി ആശുപത്രി. ഫ്ലോറിഡയിലാണ് സംഭവം.  ഇൻഷൂറൻസ് ജീവനക്കാരിയായ ബിസ് ബെനറ്റ് എന്ന യുവതിയാണ് ബിൽത്തുക കണ്ട് ഞെട്ടിയിരിക്കുന്നത്.

ഗർഭത്തിന്റെ ഏഴാം മാസം അസ്വസ്ഥതകൾ രൂക്ഷമായതോടെ യുവതി ആശുപത്രിയിലെത്തി. 2020 നവംബറിലായിരുന്നു ഇത്. സങ്കീർണത നിറഞ്ഞ പ്രസവത്തിനൊടുവിൽ കുഞ്ഞിനെ രണ്ട് മാസം ആശുപത്രിയിൽ തന്നെ കിടത്തേണ്ടിയും വന്നു. തുടർന്നാണ് ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷയുള്ളതും വീടിന് അടുത്തുള്ളതുമായ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുട്ടിക്ക് സൂക്ഷ്മ പരിചരണം ആവശ്യമുള്ളതിനാലാണ് ഇവിടേക്ക് മാറ്റിയതെന്നും ബിസ് പറയുന്നു. ആശുപത്രി മാറ്റുമ്പോഴാണ് അധികൃതർ നാലുകോടിയുടെ ബില്ല് നൽകി ബിസിനെ ഞെട്ടിച്ചത്. 

ബിസിന്റെ ഇൻഷൂറൻസ് പ്ലാനിൽ തൊഴിലുടമ വരുത്തിയ മാറ്റമാണ് ഭീമമായ ബില്ല് വരുന്നതിന് കാരണമായതെന്നാണ് കണ്ടെത്തിയത്. ഇൻഷൂറൻസ് കമ്പനികളും കയ്യൊഴിഞ്ഞതോടെ ബിൽത്തുക മുഴുവനായും ബിസി അടയ്ക്കേണ്ടി വന്നു. സംഭവം വാർത്തയായതോടെ ആശുപത്രി അധികൃതർ ബിൽത്തുക പുനഃപരിശോധിച്ച് മാപ്പു പറയുകയായിരുന്നു. വൻചിലവുമായി ജനിച്ച ഡോറിയൻ ഇപ്പോൾ പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് ബിസ് പറയുന്നു.