ഇൻഷുറൻസ് തുക നൽകിയില്ല; കമ്പനിക്ക് മുന്നിൽ എം.എൽ.എ കുത്തിയിരുന്നു

തൃശൂരിലെ ഇൻഷൂറൻസ് കമ്പനിയിൽ അനിൽ അക്കര എം.എൽ.എയും കോർപറേഷൻ ഡപ്യൂട്ടി മേയർ ബീന മുരളിയും കുത്തിയിരിപ്പ് സമരം നടത്തി. പ്രളയത്തിനിടെ നഷ്ടമുണ്ടായ വ്യാപാരിക്ക് ധനസഹായം അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.  

പ്രളയക്കെടുതിക്ക്  ഇരയായ തൃശൂരിലെ വ്യാപാരി കെ.ടി.അഗസ്റ്റിൻ ധനസഹായം കിട്ടാൻ ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുടെ ഓഫിസ് 40 ദിവസമായി കയറിയിറങ്ങുന്നു. നഷ്ടം രണ്ടരക്കോടി. ഇൻഷൂറൻസ് കവറേജ് ഒന്നേക്കാൽ കോടി. 22 വർഷമായി മുടക്കാതെ ഇൻഷുറൻസ് അടയ്ക്കുന്ന ഉപഭോക്താവ്. എന്നിട്ടും ധനഹായം നൽകിയില്ല . ഈ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് അനിൽ അക്കര എം.എൽ.എയും ഡപ്യൂട്ടി മേയർ ബീന മുരളിയും കുത്തിയിരിപ്പ് സമരത്തിന് എത്തിയത്. പ്രതിഷേധത്തിനൊടുവിൽ ധനസഹായം അനുവദിക്കാമെന്ന് ഇൻഷുറൻസ് കമ്പനി അധിക്യതർ പറഞ്ഞു. ധനസഹായം ലഭിക്കും വരെ സമരം തുടരുമെന്ന് വ്യാപാരി പറഞ്ഞു.