‘മെഡിസെപ്’ തുടക്കം പാളി; ഇഴയുന്ന നടപടിക്രമങ്ങൾ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വൈകുന്നു. മെഡിസെപ് പദ്ധതി മുന്‍നിശ്ചയിച്ച തീയതിയായ ഇന്ന് തുടങ്ങില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ ഇഴയുന്ന പദ്ധതി തുടങ്ങാന്‍ ഇനിയും  ഒരുമാസം കൂടി വൈകുമെന്നാണ് സൂചന. റിലയന്‍സിനെ ഇന്‍ഷ്വറന്‍സ് പദ്ധതി ഏല്‍പ്പിച്ചത് നേരത്തെ വിവാദമായിരുന്നു.

പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി തുടക്കത്തിലേ പാളി. ഇന്ന് തുടങ്ങേണ്ടിയിരുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നടത്തിപ്പുചുമതല ഏല്‍പ്പിച്ച റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കൈമാറിയ ആശുപത്രികളുടെ പട്ടിക അപൂര്‍ണമായിരുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 61 സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് റിലയന്‍സ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട പല ആശുപത്രികളും വിട്ടുപോയി. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ പദ്ധതി തുടങ്ങിയ ശേഷം കൂട്ടിച്ചേര്‍ക്കാമെന്നായിരുന്നു മറുപടി. അതുനടപ്പില്ലെന്നും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ മെഡിസെപ് പദ്ധതി തുടങ്ങുകയുള്ളു എന്നും ധനവകുപ്പ് അറിയിച്ചു. പദ്ധതി റിലയന്‍സിന് കൈമാറിയപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ ഉടമസ്ഥരായ റിലയന്‍സ് ക്യാപിറ്റല്‍ കടക്കെണിയിലാണെന്നും കുറഞ്ഞതുക ക്വോട്ട് ചെയ്തതു കൊണ്ടുമാത്രം അവരെ പദ്ധതി ഏല്‍പ്പിക്കെരുതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു

. എന്നാല്‍ ഇതൊക്കെ അവഗണിച്ച് സര്‍ക്കാര്‍ പദ്ധതി റിലയന്‍സിന് തന്നെ കൈമാറുകയായിരുന്നു.  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പദ്ധതി വൈകാന്‍ കാരണമായെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ ആസൂത്രണത്തിലെ പിഴവാണ് തുടക്കത്തില്‍ തന്നെ മെഡിസെപിനെ ബാധിച്ചതെന്നാണ് ആരോപണം. ഗുണഭോക്താക്കളുടെ റജിസ്ട്രേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മെഡിസെപ് നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കേ ഈടാക്കാനാകൂ എന്നതിനാല്‍ ചില സ്വകാര്യ ആശുപത്രികളും പദ്ധതി വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. 250 രൂപ പ്രീമിയത്തില്‍ മൂന്നുവര്‍ഷത്തേക്ക് ആറ് ലക്ഷത്തിന്റെ പരിരക്ഷയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.