‘മെഡിസെപ്പ്’ എങ്ങുമെത്തിയില്ല; സഹകരിക്കാതെ വൻകിട ആശുപത്രികൾ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രതിസന്ധിയില്‍. കഴിഞ്ഞമാസം ഒന്നിന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച  മെഡിസെപ്പിന്റെ ഭാഗമാകാന്‍ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും തയാറായിട്ടില്ല. വിഷയം ചര്‍ച്ചചെയ്യാന്‍ ധനമന്ത്രി തോമസ് ഐസക് പതിനൊന്നിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. 

മാസം ഇരുന്നൂറ്റമ്പത് രൂപ പ്രീമിയം അടച്ചാല്‍ മൂന്നു വര്‍ഷത്തേയ്ക്ക് ആറു ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ് മെഡിസെപ് പദ്ധതി. ജൂണ്‍ ഒന്നിന് പദ്ധതി ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ എണ്‍പത് സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ആയിരത്തഞ്ഞൂറിലേറെ ചികില്‍സകള്‍ക്ക് തുക നിശ്ചയിച്ചിട്ടുള്ളതിനാല്‍  ആശുപത്രികള്‍ക്ക് കൊളളലാഭം കൊയ്യാനാകില്ല. ഇതാണ് പദ്ധതിയോട് സ്വകാര്യ ആശുപത്രികള്‍ മുഖം തിരിയ്ക്കാനുള്്ള കാരണം. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടുന്ന പതിനൊന്ന് ലക്ഷം കുടുംബങ്ങള്‍ മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗങ്ങളാണ്.

 അതുകൊണ്ടു തന്നെ മെഡിസെപിന് തുരങ്കംവയ്ക്കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.  തിരുവനന്തപുരം ശ്രീചിത്ര,  ആര്‍ സി സി,   മലബാർ കാൻസർ സെന്റർ എന്നിവയും പദ്ധയിൽ അംഗമായിട്ടില്ല. ഈ സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രികളുടെ ചികില്‍സാ നിരക്കിനേക്കാള്‍ താഴെയാണ് ഇന്‍ഷുറന്‍സ് നിരക്ക് എന്നതു കൊണ്ടാണിത്.

വന്‍കിട ആശുപത്രികള്‍ വിട്ടുനിന്നാല്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കില്ല. പതിനൊന്നിന് ചേരുന്ന യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. യാഥാര്‍ഥ്യമായാല്‍  സര്‍ക്കാര്‍ ജീവനക്കാർ, എയ്ഡഡ് മേഖല  ഉൾപ്പെടെ അധ്യാപകര്‍,  അനധ്യാപകര്‍ എന്നിവര്‍ക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും.  കെഎസ്ആർടിസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭാവിയില്‍ മെഡിസെപില്‍ അംഗങ്ങളാകാം.