സ്കൂളിന്റെ ഡെസ്കിൽ ഉറങ്ങി, രാവിലെ കുളിച്ച് പണവുമായി മോഷ്ടാവ് പോയി

സ്കൂളിന്റെ ഡെസ്കിൽ ഉറങ്ങി, രാവിലെ കുളിച്ച്  മേശവലിപ്പിൽ സൂക്ഷിച്ച പണവുമായി മോഷ്ടാവ് പോയി. മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഓഫിസിന്റെ മേശവലിപ്പിൽ സൂക്ഷിച്ച 90,930 രൂപ നഷ്ടപ്പെട്ടു.  മോഷ്ടാവ് വരാന്തയിലെ ഡെസ്കിൽ ഉറങ്ങി, രാവിലെ കുളിച്ച് സ്ഥലംവിട്ടതായി സൂചന. പ്ലസ് ടു വിദ്യാർഥികളുടെ സ്പെഷൽ ഫീ ഇനത്തിൽ ശേഖരിച്ച പണമാണ് നഷ്ടപ്പെട്ടത്. ട്രഷറി അടച്ചതിനാൽ, ക്ലാസുകളിൽനിന്ന് അധ്യാപകർ ശേഖരിച്ച ഫീസ് ഓഫിസിൽ സൂക്ഷിച്ചതാണ്.

രാവിലെ സ്കൂൾ തുറക്കാനെത്തിയ താൽക്കാലിക ജീവനക്കാരിയാണ് ഓഫിസിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. പൂട്ട് പൊളിക്കാനുപയോഗിച്ച കമ്പിപ്പാര സമീപത്തുനിന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്റെ കസേരയിലെ തുണി മുറിച്ചും ഡെസ്ക് വലിച്ചിട്ടും ഉപയോഗിച്ച നിലയിലായിരുന്നു. ശുചിമുറിയിലെ സോപ്പ്, പൈപ്പ് വെള്ളം എന്നിവ ഉപയോഗിച്ചതായി സൂചനയുണ്ട്. പൊലീസ് സ്റ്റേഷന്റെ 400 മീറ്റർ അകലെയാണ് സ്കൂൾ. പ്രിൻസിപ്പലിന്റെ പരാതിയിൽ പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ പരിശോധിച്ചു.