ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നം ഡിങ്കോ ഇനിയില്ല

മറയൂരിലെ ചന്ദനക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന ഡിങ്കോ ഇനിയില്ല. ഒട്ടേറെ ചന്ദനക്കടത്ത് കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ വനംവകുപ്പിന്റെ നായ ഡിങ്കോ വിടവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡിങ്കോയ്ക്ക് 12 ആണ് പ്രായം. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം നേടിയ ഡിങ്കോ 2011ലാണ് വനംവകുപ്പിന്റെ ഭാഗമായത്. തുടർന്ന് പ്രമാദമായ നാല് ചന്ദനക്കടത്ത് കേസുകൾ തെളിയിക്കുന്നതില്‍ നിര്‍ണായകമാവുകയും 35-ഓളം കേസുകൾക്കും തുമ്പുണ്ടാക്കുകയും ചെയ്തു. ചന്ദനം മണത്ത് കണ്ടുപിടിക്കുന്നതിലുള്ള പ്രത്യേക വൈദഗ്ധ്യമാണ് ഡിങ്കോയെ പ്രിയങ്കരനാക്കിയത്.

എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കി 2019-ല്‍ വനംവകുപ്പിലെ സർവീസിൽ നിന്ന് വിരമിച്ചു. തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിപാലിച്ച് വരികയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നാണ് കിച്ചുവെന്ന് വിളിപ്പേരുകൂടിയുള്ള ഡിങ്കോ ചത്തത്.