കൊറിയയിലെ ഉള്ളി കൃഷി കൊള്ളാം; പക്ഷേ...;ചിലർക്ക് ഇപ്പോൾ പോകേണ്ട!; കാരണം

കൊച്ചി: കൊറിയയിലെ തണുപ്പിനെക്കുറിച്ചു കേട്ടപ്പോൾ ഉള്ളിക്കൃഷിക്കു തയാറായിവന്ന പകുതിയോളം പേർക്കു മനംമാറ്റം. ദക്ഷിണ കൊറിയയിൽ ഉള്ളികൃഷിക്ക് ആളെ വേണമെന്ന പരസ്യംകണ്ടു താൽപര്യം അറിയിച്ചവർക്കായി ഒഡേപെക് നടത്തിയ സെമിനാറിൽ കൊച്ചിയിൽ 700 പേർ പങ്കെടുത്തു. എറണാകുളം ടൗൺഹാളിൽ രണ്ടു ബാച്ച് ആയിട്ടായിരുന്നു സെമിനാർ. കൊറിയയിലെ ഭക്ഷണം, താമസം, ഭാഷ, സംസ്കാരം, ജീവിതച്ചെലവ്, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളാണു വിശദീകരിച്ചത്. 

രണ്ടോ മൂന്നോ മാസം തണുപ്പ് മൈനസ് 10 വരെയൊക്കെ പോകുമെന്നും അപ്പോഴും ജോലി മുടക്കാനാവില്ലെന്നും കേട്ടതോടെ പലർക്കും താൽപര്യം ഇല്ലാതായി. 700 പേർ പങ്കെടുത്തതിൽ 300 പേരാണു കൊറിയയ്ക്കു പോകാൻ താൽപര്യപ്പെട്ടത്. രണ്ടു ദിവസം മുൻപു തിരുവനന്തപുരത്തു നടത്തിയ സെമിനാറിൽ ഉന്തും തള്ളും ഉണ്ടായതുപോലെ ഇവിടെയുണ്ടായില്ല.

ആളുകൾ ക്യൂ നിന്നു. പൊലീസ് ഉണ്ടായിരുന്നു. ജോലിക്കു താൽപര്യമുള്ളവരുടെ ലിസ്റ്റ് ഒഡേപെക് തൊഴിൽ ദാദാക്കൾക്കു നൽകും. അവരാണ് ആളെ തിരഞ്ഞെടുക്കുന്നത്. 100 ഒഴിവാണ് ഇപ്പോഴുള്ളത്. ആദ്യം ജോലിക്കു പോകുന്നവരുടെ ജോലി വിലയിരുത്തി കൂടുതൽ പേർക്ക് അവസരം നൽകും.  ഉള്ളിക്കൃഷിക്കായി ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉണ്ട്. 

100 ൽ 60 പേർ സ്ത്രീകളായിരിക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും ഇന്നലെ പങ്കെടുത്തവരിൽ 100 ൽ താഴെ വനിതകളേ ഉണ്ടായുള്ളു. മറ്റു സംസ്ഥാനക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് ഒഡേപെകിനോട് 100 പേരെ ആവശ്യപ്പെട്ടതെങ്കിലും മലയാളികൾ ഇടിച്ചുകയറിയതോടെ മറ്റു സംസ്ഥാനങ്ങളിലേക്കു അന്വേഷണം നടത്തുന്നില്ല.