12 കോടിയുടെ ഭാഗ്യം പോയത് കരുനാഗപ്പള്ളി വഴി; ആ ആറായിരം ടിക്കറ്റിലായിരുന്നു ഭാഗ്യവാൻ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ മണ്ണിൽ നിന്നു വീണ്ടും കേരള ഭാഗ്യക്കുറിയുടെ 12 കോടി ഓണം ബംപർ തിളക്കം. 2019 ൽ ആലപ്പുഴയിൽ നിന്നു കരുനാഗപ്പള്ളിയിലേക്ക് ഭാഗ്യം വന്നെങ്കിൽ ഇത്തവണ കരുനാഗപ്പള്ളിയിൽ നിന്നു തൃപ്പൂണിത്തുറയിലേക്കാണു ഭാഗ്യം പോയത്. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു മീനാക്ഷി ലോട്ടറീസ് വിൽപനയ്ക്കായി കൊണ്ടു പോയ ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്.

മീനാക്ഷി ലോട്ടറീസിന്റെ ഉടമ കൊല്ലം കോട്ടമുക്ക് തേവർഇല്ലത്ത് മുരുകേഷ്‍ തേവരാണ്. മുരുകേഷിന്റെ പിതാവ് ടി.ചെങ്കോട്ടൈ സിങ്കം  കൊല്ലം കേന്ദ്രീകരിച്ചും ജ്യേഷ്ഠൻ ടി.മുരുകൻ കോട്ടയം കേന്ദ്രീകരിച്ചുമാണ് ലോട്ടറി വ്യാപാരം നടത്തിയിരുന്നത്. മീനാക്ഷി ലോട്ടറീസിന്റെ പ്രധാന ഓഫിസ് കോട്ടയത്താണ്. കൊല്ലം എസ്എൻ കോളജിൽ ബികോം പൂർത്തിയാക്കിയ മുരുകേഷ് അതിനു ശേഷം ബെംഗളൂരുവിൽ എംബിഎ പഠനത്തിനു പോയെങ്കിലും പിതൃസഹോദന്റെ മരണത്തെത്തുടർന്ന് തിരിച്ചെത്തി ബിസിനസ് നോക്കി നടത്തുകയായിരുന്നു. 

മീനാക്ഷി ലോട്ടറീസിന് കേരളത്തിലുടനീളം 35 ഔട്ട്‌ലെറ്റുകളുണ്ട്. നാൽപതു വർഷത്തോളമായി ഇവരുടെ കുടുംബം ലോട്ടറി വ്യാപാര രംഗത്തുണ്ട്. ലോട്ടറി കരുനാഗപ്പള്ളി സബ് ഓഫിസിൽ നിന്ന് ആറായിരത്തോളം ബംപർ ടിക്കറ്റുകൾ മാത്രമാണ് ഇത്തവണ ഇവർ വാങ്ങിയത്. എന്നാൽ കോട്ടയത്തു നിന്ന് ഒരു ലക്ഷത്തോളം ടിക്കറ്റെടുത്തു. ഈ ടിക്കറ്റുകൾ 35 ഔട്ട്‌ലെറ്റുകളിലും വിതരണത്തിനായി പോയി. എന്നാൽ ഭാഗ്യം കരുനാഗപ്പള്ളിയിൽ നിന്നു വാങ്ങിയ ആ ആറായിരം ടിക്കറ്റിലായിരുന്നു. ആലപ്പുഴയിലെ ശ്രീമുരുക ലക്കി സെന്റർ അവരുടെ കരുനാഗപ്പള്ളിയിലെ വിൽപനശാല വഴി വിറ്റ ടിക്കറ്റിനായിരുന്നു 2019 ലെ ഓണം ബംപറിന്റെ 12 കോടി ലഭിച്ചത്.