വഴിയിൽ കണ്ട മീനിനെ വിഴുങ്ങി; ചൂണ്ടക്കൊളുത്ത് കുടലിൽ തുളച്ചു കയറി; പണി പാളി

കൊച്ചി: പുഴയോരത്തൂടെയുള്ള സായാഹ്ന സവാരിക്കിടെ വഴിയിൽ കണ്ട മീനിനെ പിടിച്ചു വിഴുങ്ങി എന്ന ഒരേയൊരു െതറ്റേ മോമു ചെയ്തുള്ളൂ! പേർഷ്യൻ സുന്ദരി എന്ന ഗമയിലായിരുന്നു നടപ്പെങ്കിലും, പൂച്ചകളുടെ ‘ദേശീയ ഭക്ഷണമായ’ മീൻ കണ്ടപ്പോൾ കൊതി മൂത്ത് ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയതാണ്. പക്ഷേ, പണി പാളി. തിരക്കിട്ടുള്ള അകത്താക്കലിൽ വയറ്റിലെത്തിയതു മീനിന്റെ വായിലുണ്ടായിരുന്ന ചൂണ്ടക്കൊളുത്തും നൈലോൺ നൂലുമുൾപ്പെടെ. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നൂലു വലി‍ഞ്ഞു കൊളുത്തു തുളച്ചു കയറിയതു കുടലിനുള്ളിലും.

വേദന കൊണ്ടു പുളഞ്ഞു മരണവെപ്രാളം കാട്ടിയ മോമുവിനെയുമെടുത്തു ഉടമകളായ ശരത്തും സോനയും ഓടിയെത്തിയതു ജില്ലാ വെറ്ററിനറി ആശുപത്രിയിലാണ്. എക്സ്റേ, സ്കാനിങ് പരിശോധനയിൽ ഡോക്ടർമാർ ചെറുകുടലിന്റെ ആദ്യ ഭാഗത്തു തറഞ്ഞു കയറിയ ചൂണ്ടക്കൊളുത്ത് കണ്ടെത്തി. നൂൽ വലിഞ്ഞുണ്ടായ മുറിവുകളും നീരും പരിശോധനയിൽ സ്ഥിരീകരിച്ചു. ചൂണ്ടക്കൊളുത്തു സുരക്ഷിതമായി നീക്കാൻ ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ അറിയിച്ചതോടെ ശരത്തും സോനയും ഇതിനു സമ്മതം മൂളി.

ജില്ലാ വെറ്ററിനറി കേന്ദ്രം മേധാവി ഡോ.ഇന്ദിരയുടെ നേതൃത്വത്തിൽ ഡോ.ലത്തീഫ്, ഡോ.പാർവതി, ഡോ.ആനന്ദ് എന്നിവർ ചേർന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ കൊളുത്തും നൂലും വിജയകരമായി പുറത്തെടുത്തു. കുടലിലെ മുറിവുകൾ തുന്നിച്ചേർക്കുകയും ചെയ്തു. വളർത്തു മൃഗങ്ങളെ അടിയന്തര സാഹചര്യങ്ങളിൽ എക്സ്റേ, സ്കാനിങ് പരിശോധനകൾക്കു വിധേയമാക്കാനുള്ള സൗകര്യം നിലവിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മാത്രമേയുള്ളൂ.

പരിശോധനകളിലൂടെ ചൂണ്ടക്കൊളുത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയതിനാലാണു ശസ്ത്രക്രിയ നടത്തി ഇതു നീക്കം ചെയ്യാൻ കഴിഞ്ഞതെന്നും ഡോക്ടർമാർ പറയുന്നു. ഏതായാലും, മരുന്നും 5 ദിവസത്തെ പരിചരണവും കിട്ടിയതോടെ മോമു ഇപ്പോൾ ഉഷാറായിക്കഴിഞ്ഞു. കുമ്പളങ്ങിക്കാരായ ശരത്തിനും സോനയ്ക്കുമൊപ്പം വീണ്ടും സവാരിക്കിറങ്ങാനുള്ള തയാറെടുപ്പിലാണ്.  എങ്കിലും, ‘ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും’ എന്ന തത്വം ശരിയെങ്കിൽ ഇനി വഴിയരികിൽ മീൻ കൂന കണ്ടാലും മോമു മൈൻഡ് ചെയ്യാനിടയില്ല.