പാഞ്ഞടുത്ത് കൊമ്പൻ; വാഹനം തല്ലിത്തകർത്തു; പേടിച്ച് ഡ്രൈവർ; വിഡിയോ

വന്യജീവി സങ്കേതത്തിലൂടെ നീങ്ങിയ വണ്ടി തല്ലിത്തകർത്ത് കൊമ്പനാന. ദക്ഷിണാഫ്രിക്കയിലെ ക്ലാസേരിയിൽ ഡീസലെത്തിക്കാനെത്തിയ വാഹനമാണ്  ആന അടിച്ചു തകർത്തത്. ആനയുടെ ആക്രമണത്തിൽ വണ്ടിയുടെ മുൻഭാഗം മുഴുവനായും തകർന്നു. 

നോർമൻ നുകേരി എന്നയാളാണ് കാറോടിച്ചിരുന്നത്. കാട്ടുവഴിയിലൂടെ കാട്ടാനക്കൂട്ടം നടന്ന് പോകുന്നത് നോർമൻ കണ്ടിരുന്നു. ഇതേത്തുടർന്ന് അകലം പാലിക്കുന്നതിനായി വാഹനം പിന്നോട്ടെടുത്തു. ഈ സമയത്ത് മറുവശത്ത് നിന്നെത്തിയ കൊമ്പനാണ് അക്രമാസക്തനായത്. ആദ്യം ഭയന്നെങ്കിലും പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുത്ത് നോർമൻ വാഹനത്തിന്റെ വശത്ത് തട്ടി ശബ്ദമുണ്ടാക്കി ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ആന പിൻവാങ്ങിയെങ്കിലും പിന്നീട് വീണ്ടും വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിയെത്തിയ കൊമ്പൻ പലയാവർത്തി വാഹനത്തിൽ കുത്തി പിന്നിലേക്ക് നീക്കി.

സാധാരണഗതിയിൽ ആനകൾ ആക്രമിക്കുന്നതിനു മുൻപായി തല കുലുക്കിയും ഉച്ചത്തിൽ ചിന്നം വിളിച്ചും സൂചനകൾ നൽകാറുണ്ട്. എന്നാൽ ഇവിടെ അതൊന്നും ഉണ്ടാകാത്തതിനാൽ അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ഡ്രൈവർക്ക് നേരിടേണ്ടിവന്നത്. കുഞ്ഞുങ്ങളുമായി നടന്നുനീങ്ങുന്നതിനിടെ ഡീസൽ ടാങ്കറും വലിച്ചു കൊണ്ടുവരുന്ന വാഹനം കണ്ട് പെട്ടെന്നുണ്ടായ പ്രകോപനത്താലാവാം ആന ആക്രമിച്ചതെന്നാണ് നിഗമനം.

ആക്രമണത്തിൽ നോർമന് പരിക്കേറ്റില്ല. അൽപസമയത്തിനു ശേഷം നോർമൻ അവിടെനിന്നു സുരക്ഷിതനായി മടങ്ങുകയും ചെയ്തു. കാറിന്റെ ഡാഷ്ക്യാമാണ് ആനയുടെ ആക്രമണത്തിന്റെ ദൃശ്യം പകർത്തിയത്.