അന്ന് കീറിപ്പറിഞ്ഞ സാരിയുമായി സിംഗൂർ വിട്ടു; ഇന്ന് അതിശയിപ്പിച്ച് വീണ്ടും ബംഗാൾ പിടിച്ചു..!

ഹവായ് ചെരുപ്പുമിട്ട് പടകൂറ്റൻ റാലികളിൽ ആഞ്ഞുവലി‍ഞ്ഞ് നടക്കുന്ന ഒരു കുറിയ സ്ത്രീ. കാഴ്ചയിലും വേഷത്തിലും അടിമുടി ലാളിത്യം. രാജ്യം കണ്ട ശക്തരായ നേതാക്കളായ ഇന്ദിര ​ഗാന്ധിയുടെയോ ജയലളിതയുടെയോ മായാവതിയുടെയോ  ഭാവങ്ങളിൽ നിന്ന് തീർത്തും അകലെ. ആ നേതാവിനെ  ഒരു ജനത ദീദി എന്നുവിളിക്കും. മമത ബാനർജി. 

എതിരാളികളോട് തീരെ മമതയില്ലാത്ത, ഈ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ആത്മവിശ്വാസത്തിന്റെ ആൾരൂപമായി വാഴ്ത്തുന്ന നേതാവ്. തൃണമുൽ കോൺ​ഗ്രസ് എന്ന പ്രാദേശിക പാർട്ടിയുടെ നെടുംതൂണ്. ഒരേസമയം തന്റെ രാഷ്ട്രീയം കൊണ്ട് വിമർശനവും പ്രശംസയും നേടുന്നയാൾ. വീണ്ടും ബം​ഗാളി ജനത ഭരണം ആ കൈകളിൽ എൽപ്പിക്കുന്നു. ബിജെപി എന്ന ആളും അർഥവും ഉള്ള പാർട്ടിയോട് നേരെ നിന്ന് ഒറ്റയ്ക്കൊരു പാർട്ടിയായി നിന്ന് പോരടിക്കുന്നു മമത. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അക്രമങ്ങൾക്കിടെ പരുക്കേറ്റ മമത പിന്നീട് ചക്രകസേരയിൽ ഇരുന്നാണ് പ്രചാരണം നയിച്ചത്. തിരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ വോട്ടർമാർക്കിടയിലേക്ക് പന്തെറിഞ്ഞ് നൽകി മമത പറ‍ഞ്ഞു, കളി തുടങ്ങിക്കഴിഞ്ഞെന്ന്. ആ കളിയിൽ ബിജെപിയെയും സിപിഎം-കോൺ​ഗ്രസ് മുന്നണികളെയും അവർ പന്തുപോലെ ചുഴറ്റി എറിയുകയും ചെയ്തു.  ബം​ഗാളിലെ ഹാട്രിക്ക് ജയത്തിനുശേഷം തന്റെ ലക്ഷ്യം ഡൽഹി പിടിക്കുകയാണെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തിൽ അസാമാന്യ മെയ്​വഴക്കമുള്ള മമതയെ പോലെയുള്ള ഒരാളുടെ പ്രഖ്യാപനത്തെ രാജ്യം ആകാക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

15ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മമത ഏറെ വെല്ലുവിളികളെ നേരിട്ടുതന്നെയാണ് ഇതുവരെ എത്തിയത്. എന്നും ചെറുത്ത് നിൽപ്പിന്റെ രാഷ്ട്രീയമായിരുന്നു മമതയുടേത്. വൻ വീഴ്ചകളും അമ്പരപ്പിക്കുന്ന നേട്ടങ്ങളും മമതയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണ്. മമതയെന്ന വൻ വൃക്ഷം കടപുഴകിയെന്ന് വിധിയൊഴുതുന്നവരെ കൊണ്ടെല്ലാം  തിരിച്ചു പറയിപ്പിച്ചു. ഇന്ത്യയെ നയിക്കാൻ ഇനിയാരെന്ന ചോദ്യത്തിന് ഒരുപറ്റം ആളുകൾ ഉയർത്തികാട്ടുന്നത് മമതയെയാണ് എന്നതും പുതിയ കാഴ്ച.

1955-ലാണ് മമതാ ബാനർജി ജനിച്ചത്.  കാലിഘട്ട് പാലത്തിനു സമീപമുള്ള ഹാരിഷ് ചാറ്റർജി തെരുവിലായിരുന്നു ആറു സഹോദരൻമാരൊത്തുള്ള മമതയുടെ കുട്ടിക്കാലം. കഷ്ടപാടിന്റെയും ഇല്ലായ്മകളുടെയും കുട്ടിക്കാലം. അച്ഛൻ മരിക്കുമ്പോൾ പതിനഞ്ച് വയസ്സാണ് പ്രായം. അന്നു മുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ജീവിതത്തോടുള്ള പോരാട്ടം തുടങ്ങുന്നു. ഏഴു മക്കളിൽ ഏറ്റവും മുതിർന്നയാൾ മമതയും അജിത്ത് എന്ന സഹോദരനുമായിരുന്നു. ആകെയുണ്ടായിരുന്ന വരുമാനമാർഗ്ഗം ഇല്ലാതായതോടെ, ഇളയ സഹോദരങ്ങളേയും അമ്മയേയും നോക്കേണ്ട ചുമതല മമതയ്ക്കും സഹോദരനുമായി. പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു കൗമാരപ്രായം. സഹപാഠികൾ സ്വപ്നങ്ങളെ കുറിച്ച് വാചാലരാകുമ്പോൾ, അമ്മയെയും സഹോദരനമാരെയും കുറിച്ച് മാത്രമായിരുന്നു കുഞ്ഞു മമതയുടെ ചിന്ത.‌ പിന്നീട് മുഖ്യമന്ത്രിയായ ശേഷവും താൻ വളർന്ന ഹുഗ്ലീ നദീതീരത്തെ ആ രണ്ടുമുറി വീട്ടിലാണ് മമത കഴിയുന്നത്.

അച്ഛന്റെ മരണശേഷം അമ്മയുടെ രോ​ഗവും മമതയുടെ ജീവിതത്തെയും പഠനത്തെയും വല്ലാതെ ബാധിച്ചു. ദുരിതപൂർണമായി ജീവിതം മുന്നോട്ട് പോകുമ്പോഴും, ചരിത്രത്തിൽ ബിരുദം നേടി അവർ. ഇതിനുശേഷം, സജീവ രാഷ്ട്രീയം തുടങ്ങിയ മമത, കോൺ​ഗ്രസ് യുവജന സംഘടനയുടെ പ്രവർത്തകയായി. 

തെരുവിലെ പല പോരാട്ടങ്ങളും മമതയെന്ന കരുത്തുറ്റ നേതാവിന്റെ പോരാട്ടവീര്യം വിളിച്ചോതി. 1977 ൽ കൊൽക്കത്തയിൽ പ്രവേശിക്കുന്നതിൽ നിന്ന് ‘ലോക്നായക്’ ജയപ്രകാശ് നാരായണനെ തടഞ്ഞ മമത, അദ്ദേഹത്തിന്റെ  കാറിന്റെ ബോണറ്റിൽ കയറി നൃത്തം ചെയ്തു. എതിരാളികളോടുള്ള മമതയുടെ നിലപാട് ഇതിൽ നിന്നു തന്നെ വ്യക്തം. രാഷ്ട്രീയം യുദ്ധമെന്ന് പറയുമെങ്കിലും, മമതയ്ക്ക് എല്ലാം യുദ്ധമാണ്, എല്ലാ അർഥത്തിലും. 1972-ലാണ് മമത ബാനർജി കൽക്കട്ടയിലെ കോൺഗ്രസ് ജില്ലാക്കമ്മിറ്റിയിലെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം 1984 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ  മമത തന്റെ രാഷ്ട്രീയവരവ് അറിയിച്ചു. ശക്തമായ ഇടതുതരം​ഗത്തിലും പിടിച്ചുനിന്നു അവർ. ഇതോടെയാണ് മമത എന്ന നേതാവിന്റെ ഉദയം. സോമനാഥ് ചാറ്റർജി എന്ന പ്രമുഖ നേതാവിനെ പരാജയപ്പെടുത്തിയതിലൂടെ മമത രാഷ്ട്രീയത്തിലെ GIANT KILLER എന്ന്  പേരിന് അർഹയായി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്താണ് അവർ ആദ്യമായി സോമനാഥ് ചാറ്റർജിയെ കാണുന്നത്, അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കാൻ ശ്രമിച്ച മമതയെ അദ്ദേഹം തടഞ്ഞു. ബം​ഗാളികൾക്ക് ഇടയിൽ പതിവുള്ള ആചാരം തടഞ്ഞത് പിന്നീട് വൻ വിവാദമായി. ആ സംഭവം നന്നായി മമത രാഷ്ട്രീയമായി ഉപയോ​ഗിച്ചു. മമതയുടെ പിഎച്ച്ഡി യോ​ഗ്യതയെപ്പറ്റിയുള്ള വിവാദവും അക്കാലത്ത് ഏറെ ചർച്ചയായി.

രാജീവ് ​ഗാന്ധിയോട് അടുപ്പം പുലർത്തിയിരുന്ന മമതയ്ക്ക് അദ്ദേഹത്തിന്റെ മരണം വല്ലാത്ത ആഘാതമായി. രാഷ്ട്രീയ ​ഗുരുവിനെ നഷ്ടമായതോടെ  കോൺ​ഗ്രസിന്റെ അകമഴിഞ്ഞ പിന്തുണ മമതയ്ക്ക് ഇല്ലാതായി. നരസിംഹറാവുവും പ്രണബ് മുഖർജിയുമായുള്ള പ്രശ്നങ്ങളും, ബം​ഗാളിൽ ഇടതിനെതിരെ കോണ‍​ഗ്രസ് ശക്തമായി പൊരുതാത്തതും  മമതയെ ചൊടിപ്പിച്ചു. ഇത് പാർട്ടി വിടാനുള്ള കാരണങ്ങളിലൊന്നുമായി.  

സി‌പി‌എമ്മിന്റെ ഭരണം അവസാനിപ്പിക്കുമെന്ന് പറഞ്ഞാണ് 1997 ൽ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്  രൂപീകരിക്കുന്നതിനായി മമത ബാനർജി കോൺഗ്രസിൽ നിന്ന് പുറത്തുപോയത്. 'ഇതാണ് സമയം' എന്ന മുദ്രാവാക്യം സ്വീകരിച്ചു.  പ്രണബ് മുഖർജിയെക്കാൾ സ്വാധീനം മമതയ്ക്ക് ബം​ഗാളിൽ ഉണ്ടായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇതിനിടയിൽ മാറിവന്ന രാഷ്ട്രീയ സാഹചര്യത്തിൽ എൻഡിഎയുടെ ഭാ​ഗം ആകാനും മമത തയാറായി. എന്നാൽ തുടർച്ചയായി അവിടെയും മമത കലഹമുണ്ടാക്കി, കലാപമുണ്ടാക്കി. 2001 മാർച്ചിനും 2003 ഓഗസ്റ്റിനുമിടയിൽ മൂന്നുതവണയാണ് മമത രാജിവച്ചത്. കൊൽക്കത്തയിൽ അവരുടെ വീട്ടിലെത്തി വാജ്പേയ് അവരെ മുന്നണിയിലേക്ക് തിരിച്ചുവിളിക്കുക പോലുമുണ്ടായി.

എന്നാൽ 2001ൽ ബിജെപിയുമായി പിണങ്ങി കോൺ​ഗ്രസുമായി ചേർന്ന് മത്സരിച്ചപ്പോൾ മമതയെ കാത്തിരുന്നത് കനത്ത തിരിച്ചടിയായിരുന്നു. 2004ൽ ബിജെപിയുമായി കൈകോർത്തപ്പോഴും ഫലം വ്യത്യസ്തമല്ലായിരുന്നു. ബം​ഗാളിൽ മമതയുടെ രാഷ്ട്രീയ ജിവിതത്തിന് അന്ത്യം കുറിച്ചെന്ന് നിരീക്ഷർ വിധിയെഴുതി. എന്നാൽ,  2006ൽ  ദീദി ഫിനീക്സ് പക്ഷിയായി. പല കുറി തകർത്തറിഞ്ഞിട്ടും ഉലയാതെ പിടിച്ചുനിന്നു മമത. അന്ത്യന്തം നാടകീയത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെ പുതുയു​ഗം തുറക്കുകയായിരുന്നു അവർ.  സിപിഎമ്മിന് ചരിത്രത്തിലേറ്റ വലിയ ആഘാതവും. സിം​ഗൂരിലെ കർഷക പ്രക്ഷോഭത്തെ അളന്ന് തൂക്കി കൃത്യമായി മമത ഉപയോ​ഗിച്ചു. അന്ന് തന്റെ വലംകൈയായി പ്രവർത്തിച്ച സുവേന്ദു അധികാരിയാണ് ഇന്ന് മമതയെ നന്ദി​ഗ്രമിൽ തറപറിച്ചത്. അക്കാലത്ത് നന്ദിഗ്രാം പ്രക്ഷോഭക്കാർക്കെതിരെ പൊലീസ് അഴിച്ചുവിട്ടത് കൊടിയ മർദനമായിരുന്നു. പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ മമത കീറിപ്പറിഞ്ഞ സാരിയും, ഒപ്പം പ്രവർത്തകരുമായി കൊൽക്കത്തയിലേക്ക് മടങ്ങി. ഈ വിപ്ലവ പിൻബലത്തിൽ മമത മുഖ്യമന്ത്രിയായി. പ്രദേശിക വാദം ആളിക്കത്തിച്ചും, ന്യൂനപക്ഷ രക്ഷകയായി സ്വയം അവതരിച്ചും മമത ബം​ഗാളിന്റെ മണ്ണിൽ തന്റെ വേരുകൾ ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ ഈ ഒറ്റയാൾ പോരാട്ടത്തിൽ മമതയുടെ സ്വേച്ഛാധിപത്യവും പ്രകടം. ഉയർന്നുവരുന്ന എതിർശബ്ദങ്ങളെയെല്ലാം മമത അടിച്ചമർത്തി. ഒപ്പം നിന്നവരുടെ അഴിമതിയും, കേന്ദ്ര സർക്കാരിനോടും അന്വേഷണ ഏജൻസികളോടുള്ള നിരന്തര കലഹവും മമതയെ വെട്ടിലാക്കുന്നുമുണ്ട്. എന്റെ ശവത്തിൽ ചവിട്ടി മാത്രമേ നിങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കാനാകൂ വെന്ന് മോദിയോടും-അമിത് ഷായോടും ആർജവത്തോടെ പറഞ്ഞ മമതയെ വലിയൊരു ജനത പക്ഷേ കൈവിട്ടില്ല.   

മറ്റിടങ്ങളിലെ പോലെ തന്നെ തൃണമുലിനെ തന്നെ പൂർണമായി വിഴുങ്ങാൻ ബിജെപി ശ്രമം തുടരുക തന്നെയാണ്. എന്നാൽ എഴുത്തും ചിത്രരചനയും ഇഷ്ടമാക്കിയ ദീദി ഇതിലൊന്നും കുലുങ്ങില്ല. ആരും വിളികേട്ടില്ലെങ്കിൽ തനിച്ചങ്ങ് നടക്കുമെന്നത്  രബീന്ദ്ര സം​ഗീതത്തിന്റെ ആരാധികയായ മമതയുടെ ഇഷ്ട വരികളാണ്. ബിജെപിയുടെ വിളികേട്ട് പലരും പാർട്ടി വിട്ട് പോയങ്കിലും മമതയെന്ന ബം​ഗാൾ കടുവയെ തകർക്കാനാവില്ല. മമതയുടെ അടുത്ത നീക്കങ്ങളിലാണ് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണ്. കാത്തിരുന്ന് കാണുക തന്നെ.