ബഡായി അല്ല ക്യൂബ; അമേരിക്കയെയും വെല്ലും വാക്സീൻ വിപ്ലവം: അക്കഥ

വിപ്ലവവും വൈദ്യവും ക്യൂബൻ മണ്ണിന് ഒരു പോലെയാണ്. കാരണം ക്യൂബയുടെ ചരിത്രം എന്നും പോരാളികൾക്ക് ഒപ്പവും വിപ്ലവകാരികൾക്കൊപ്പവും ആണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് എപ്പോഴും പറയാനുള്ളത് നിസഹായതയുടെ രാഷ്ട്രീയമാണ്, എന്നാൽ ക്യൂബയ്ക്ക് ഉയർത്തെഴുന്നേൽപ്പിന്റെയും. ഇപ്പോൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ ക്യൂബ മാതൃകയാകുന്നത്  അങ്ങനെയാണ്. വാക്സീൻ വിപ്ലവത്തിലൂടെ. അക്കഥ പറയാം. 

വൻകിട ശക്തികളുടെ പ്രതിരോധങ്ങൾക്ക് ഇടയിലും ഈ കൊച്ചുരാജ്യം തലയുർത്തി പിടിച്ചത് അങ്ങനെയാണ്. എന്നും ആരോ​ഗ്യത്തിനും വിദ്യാഭ്യസത്തിനും  ഉൗന്നൽ കൊടുക്കുന്നതായിരുന്നു ഫിദൽ കാസ്ട്രോയുടെയും എണസ്റ്റോ  ചെ ​ഗുവേരയുടെയും വിപ്ലവ സമവാക്യം. നിരവധി പരിമിതികൾക്ക് ഉള്ളിൽ നിന്നാണ് ഈ കൊച്ചു ദ്വീപു രാജ്യം വാക്സീൻ വികസിപ്പിച്ചെടുത്തത്. കോവിഡ് എന്ന മഹാമാരിക്കുള്ളിൽ ലോകം അകപ്പെട്ടിട്ട് ഒരു വർഷം പിന്നിട്ടുകഴിഞ്ഞു. എങ്കിലും പ്രതിസന്ധികളെ അതിജീവിക്കാൻ ക്യൂബൻ ജനതയ്ക്ക് കരുത്താകുന്നത് അവരുടെ ഉള്ളിലെ വിപ്ലവകാരികളാണ്. ഈ രാജ്യത്തിന്റെ കരുതൽ ഇതിനുമുമ്പ് പല രാജ്യങ്ങളും അടുത്തറിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ കാലഘട്ടത്തിൽ ക്യൂബയുടെ ആരോ​ഗ്യരം​ഗത്തെ മികവ് ഒരിക്കൽ കൂടി അരക്കിട്ട് ഉറപ്പിക്കുന്നതാണ് അവരുടെ വാക്സീൻ വിപ്ലവം. ഇത്ര ചെറിയ കാലയളവിൽ ഈ രാജ്യം വികസിപ്പിച്ചത്  5 വാക്സീനുകളാണ്.

 ബഹുരാഷ്ട്ര മരുന്നുനിർമാണക്കമ്പനികൾക്കു മുന്നിൽ വാക്സീനുവേണ്ടി ഇവർ ഇതുവരെ കൈ നീട്ടിയിട്ടുമില്ല.  അബ്ഡല, സോബറാന 02, സോബറാന 01, സോബറാന പ്ലസ്, മംബീസ എന്നിങ്ങനെ 5 വാക്സീനുകൾ. എന്തുതന്നെയെങ്കിലും  വിപ്ലവം വിട്ടൊരു കളി ക്യൂബയ്ക്കില്ല, അതായിരിക്കാം വാക്സീനുകൾക്ക് ഈ പേരുകൾ. അബ്ഡല എന്നത്, ക്യൂബയിൽ വീരനായക പരിവേഷമുള്ള പ്രിയങ്കരനായ കവി ഹോസെ മാർട്ടിയുടെ കൃതിയുടെ പേരാണ്. മംബീസ ആഫ്രിക്കൻ വേരുകളുള്ള വാക്കാണ്; ഒപ്പം, 19–ാം നൂറ്റാണ്ടിൽ സ്പാനിഷ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ യുദ്ധം ചെയ്ത ഗറില പോരാളികളെ സൂചിപ്പിക്കാനുള്ളതും. സോവ്റിൻ അഥവാ ഉദാത്തം എന്നതിന്റെ സ്പാനിഷ് വാക്കാണ് സോബറാന. ആദ്യത്തെ രണ്ടു വാക്സീനുകൾ – സോബറാന 02, അബ്ഡല – വിജയകരമായ പരീക്ഷണ കുത്തിവയ്പുകൾക്കു ശേഷം ജനങ്ങൾക്കായി ലഭ്യമായിക്കഴിഞ്ഞു. ചികിത്സയ്ക്കുള്ള അവശ്യസാമഗ്രികളുടെ പോലും ഇറക്കുമതിക്കു കടിഞ്ഞാണിട്ടുകൊണ്ട് ആറു പതിറ്റാണ്ടു നീണ്ട അമേരിക്കൻ ഉപരോധങ്ങൾക്ക് ഇടയിലാണ് രാജ്യത്തിന്റെ ഈ ഉജ്ജ്വല നേട്ടം.

പരാധീനതകൾക്ക് നടുവിൽ നട്ടം-തിരിയുന്ന രാജ്യമാണ് ക്യൂബ. എന്നാൽ എന്തുതരം തത്വശാസ്ത്രങ്ങൾക്കും അപ്പുറം  ശാസ്ത്രത്തിന് നൽകുന്ന മേൽക്കൈ തന്നെയാകും ഈ വിജയത്തിന് പിന്നിൽ. ആരോ​ഗ്യരം​ഗത്ത് ക്യൂബയുടെ ഇടപെടലുകൾ ഇതിനുമുമ്പും ലോക ശ്രദ്ധയാകർഷിച്ചിരുന്നു. 

കോവിഡിന് മുന്നിൽ അടിയറവ് പറഞ്ഞ ഇറ്റലിയിലെ ലൊംബാർഡിലേക്ക് നഴ്‌സുമാരും ഡോക്ടർമാരും ഒക്കെ അടങ്ങുന്ന 52 അംഗ ക്യൂബൻ സംഘമാണ് എത്തിയത്. ആഫ്രിക്ക എബോള എന്ന മഹാരോ​ഗത്തോട് മല്ലടിച്ചപ്പോഴും, ചിരവൈരികളായ അമേരിക്ക കത്രീന ചുഴലിക്കാറ്റിൽ ആടിയുലഞ്ഞപ്പോഴും ക്യൂബക്കാര്‍ ഓടിയെത്തി. ഹെയ്ത്തി ഭൂകമ്പത്തെ തുടർന്നുണ്ടായ കോളറ തടഞ്ഞ് നിർത്താനും ക്യൂബയിലെ ഡോക്ടർമാർ മടി കൂടാതെ പങ്കാളികളായി. എന്തിന്, ലോകത്തെ ഏറ്റവും വലിയ അധിനിവേശ ശക്തിയായ ബ്രിട്ടന് പോലും സഹായ ഹസ്തമേകാൻ ക്യൂബ എത്തി. മസ്തിഷ്കജ്വരം, ഹെപ്പറ്റൈറ്റിസ് ബി, ശ്വാസകോശാർബുദം തുടങ്ങിയവയ്ക്ക് നിരവധി പ്രതിരോധ മരുന്നുകൾ കയറ്റുമതി ചെയ്തിട്ടുണ്ട് ഈ കുഞ്ഞുരാജ്യം. 1980 മുതൽ 40ല്‍ ഏറെ രാജ്യങ്ങൾക്ക് കൈത്താങ്ങായി ഈ രാജ്യം എന്നാണ് കണക്ക്. 

ക്യൂബൻ മണ്ണിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് അവിടുത്തെ സുദ്യഢമായ ആരോ​ഗ്യരം​ഗമെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യ രംഗത്ത് അവർ നേടി എന്ന് പറയപ്പെടുന്ന വളർച്ചയുടെ പൂർണ്ണ ക്രെഡിറ്റും കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ നൽകുന്നത് 'എൽ കമാൻഡന്റെ' കോമ്രേഡ് ഫിദൽ കാസ്‌ട്രോക്ക് തന്നെയാണ്. ക്യൂബയിൽ 150 ആളുകൾക്ക് ഒരു ഡോക്ടർ വച്ചുണ്ടെന്നാണ് കണക്ക്. ഫിദലിന്റെ നേതൃത്തിലുള്ള  സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ ആരോഗ്യരംഗത്ത് ഡോക്ടർമാരെയും നഴ്സുമാരെയും പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു. മികച്ച ആരോ​ഗ്യം പൗരന്മാരുടെ മൗലിക അവകാശമായി ആണ് ഈ കമ്യൂണിസ്റ്റ് രാജ്യത്ത് കണക്കാക്കുന്നത്. സാധാരണ ചെക്ക് അപ്പ് മുതൽ സർജറികൾ വരെ ജനങ്ങൾക്ക് സൗജന്യമായി നൽകാൻ സർക്കാർ പദ്ധതിയിടുന്നു. 

നമ്മുടെ നാട്ടിലെ ആരോ​ഗ്യപ്രവർത്തകരെ പോലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ക്യൂബയിൽ ഡോക്ടർമാരും നഴ്സുമാരും. എല്ലാ വിഭാ​ഗം ജനങ്ങൾക്കും പതിവ് പരിശോധനയുണ്ട്. നിങ്ങൾ പോയില്ലെങ്കിൽ അവിടെ ഡോക്ടർ നിങ്ങളെ തേടി വരും. കേൾക്കുമ്പോൾ അതിശയകരമായി തോന്നാം. അതുകൊണ്ടാവാം 2020 മാർച്ച് 11ന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അതിനെ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചതും. 

ജനങ്ങളെയും സംസ്ഥാനങ്ങളെയും പിഴിഞ്ഞ് മഹാരോ​ഗത്തിനിടെയിലും ലാഭം ഉണ്ടാക്കുക എന്നതല്ല, ക്യൂബൻ സർക്കാരിന്റെ വാക്സീൻ നയം. വിലകുറഞ്ഞതും സംഭരിക്കാൻ എളുപ്പവുമായ വാക്സീനുകളാണ്  ക്യൂബയിലേത്. അവ ആഴ്ചകളോളം temperature ഉഷ്മാവിൽ നിലനിൽക്കും, 46.4 ഡിഗ്രി വരെ ഉയർന്ന താപനിലയിൽ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു. കേരളവുമായി ക്യൂബയ്ക്ക് ഒരുപാട് സാമ്യം ഉണ്ട്. ഈ രണ്ടിടങ്ങളിലെയും അടിസ്ഥാന ശ്രദ്ധ വിദ്യാഭ്യസത്തിനും ആരോ​ഗ്യരം​ഗത്തുമാണ്.   വാക്സീന്റെ ഗവേഷണവും നിർമാണവും പരീക്ഷണവും വിതരണവും മികവോടെ അതിവേഗം പൂർത്തീകരിക്കുകയാണു ലക്ഷ്യം. ഇവയെല്ലാം തന്നെ സർക്കാരിന്റെ ധനസഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. 

ഹവാനയിലെ ഫിൻലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാക്സീൻസ് (ഐഫ്‍‌വി), സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി എന്നിങ്ങനെ രാജ്യത്തെ മികച്ച ഗവേഷണസ്ഥാപനങ്ങൾ ഈ പദ്ധതികളിൽ പങ്കാളികളാകുന്നു. കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള രാജ്യത്ത് എല്ലാ ആരോ​ഗ്യപ്രവർത്തകരും വാക്സീനെടുത്തു. കാര്യമായ പാർശ്വഫലങ്ങളൊന്നും ഈ വാക്സീനുകൾക്ക് റിപ്പോർട്ട് ചെയ്തിട്ടുമില്ല.

അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും നിന്ന് വാക്സിനുകൾ‌ വാങ്ങാൻ‌ കഴിയാത്ത നിരവധി ദരിദ്ര രാജ്യങ്ങൾ‌ ഇതിനോടകം ക്യൂബയുടെ സഹായം തേടി. ഈ വർഷമാദ്യം ക്യൂബയും ഇറാനും തമ്മിൽ വാക്സീൻ സഹകരണത്തിനു ധാരണയായിരുന്നു. കൂടാതെ, വികസ്വര രാജ്യങ്ങളായ അർജന്റീനയും മെക്സിക്കോയും സമാനധാരണയ്ക്കായി സമീപിച്ചു. ക്യൂബയെ സംബന്ധിച്ചിടത്തോളം, സ്വന്തം വാക്സിനുകൾ വികസിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് പൊതുജനാരോഗ്യത്തെ മാത്രമല്ല, അമേരിക്കയ്ക്ക് മുന്നിൽ കമ്യൂണിസ്റ്റ് രാജ്യം എന്ന നിലയിൽ ശക്തി കാട്ടാനുള്ള മാർ​ഗം കൂടിയാണ്. അതുകൊണ്ടായിരിക്കാം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്സീൻ പങ്കിടൽ പദ്ധതിയായ ‘കോവാക്സി’ൽ ക്യൂബ പങ്കാളിയാകാത്തതും.

കോവിഡിൽ ഉലഞ്ഞുതന്നെയാണ് ക്യൂബയും തുടരുന്നത്. തുടർച്ചയായ ലോക്ഡൗണുകള്‍. ഈ മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ഈ രാജ്യത്തിന് സമയം എടുക്കും. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് ഈ കൊച്ചുരാജ്യം പറഞ്ഞുതരുന്ന ചില പാഠങ്ങളുണ്ട്. അതു കാണാതെ പോകരുത്...!  മനുഷ്യനന്മയ്ക്ക് ഉള്ള എന്തുതരം വിപ്ലപവും എവിടെയാണെങ്കിലും വിജയിക്കും. വിവ റെവലൂഷൻ..!