യാത്രക്കിടെ കുട്ടി റോഡിലേക്കു വീണു, കൂടെയുള്ളവരാരും അറിഞ്ഞില്ല; രക്ഷകനായ ഓട്ടോ ഡ്രൈവർക്ക് ആദരം

ടർഫ് ഗ്രൗണ്ടിൽ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർ കണ്ടത് റോഡിൽ വീണുകിടക്കുന്ന കുട്ടിയെ. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കൽ പ്രജീഷ് രക്ഷിച്ചത് പതിനൊന്നു വയസ്സുകാരന്റെ ജീവൻ തന്നെയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ 4 ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയത്.

ഒരാഴ്ച മുൻപാണ് പറമ്പിൽ പീടികയിലുള്ള കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ കുട്ടി റോഡിലേക്കു വീണത്. കൂടെയുള്ളവരാരും കുട്ടി വീണത് അറിഞ്ഞുമില്ല. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ച ശേഷം പൊലീസുകാരുടെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിേലക്കു കൊണ്ടുപോവുകയായിരുന്നു.

പ്രജീഷിനെ കുട്ടിയുടെ കുടുംബം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചു. സിഐ ഹണി കെ.ദാസ് ഉപഹാരം കൈമാറി. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒപ്പം പോയ സിവിൽ പൊലീസ് ഓഫിസർ രാജേഷിനും കുടുംബം നന്ദി അറിയിച്ചു. വാടകയ്ക്ക് ഓട്ടോ ഓടിക്കുന്ന പ്രജീഷിന് സ്വന്തമായി ഓട്ടോ വാങ്ങാനായി പടിക്കൽ ചാലുവളവ് ക്ലബ് പ്രവർത്തകർ ആദ്യ വിഹിതം കൈമാറി.