മരുന്നെടുക്കാൻ ചെന്നപ്പോൾ ഫ്രീസറിനോടു ചേർന്ന് മൂർഖൻ; പത്തി വിടർത്തി ചീറ്റി

നിലമ്പൂർ: ജില്ലാ ആശുപത്രി ഫാർമസിയുടെ ശീതീകരിച്ച സ്റ്റോർ മുറിയിൽ മൂർഖൻ പാമ്പിന് സുഖവാസം. ജീവനക്കാരെ 2 ദിവസം വട്ടംകറക്കിയ പാമ്പിനെ ഇന്നലെ രാവിലെ പിടികൂടി കാട്ടിൽ വിട്ടു. കഴിഞ്ഞ ദിവസം മരുന്നെടുക്കാൻ ജീവനക്കാർ ചെന്നപ്പോൾ ആണ് പാമ്പിനെ കണ്ടത്. ഫ്രീസറിനോട് ചേർന്ന വിടവിൽ തണുപ്പ് പറ്റി കിടക്കുകയായിരുന്നു.

ചേരയാണെന്ന് കരുതി ഓടിച്ചു വിടാൻ ശ്രമിച്ചു. പത്തി വിടർത്തി ചീറ്റിയപ്പോൾ ആണ് ചില്ലറക്കാരനല്ലെന്ന് മനസ്സിലായത്. എമർജൻസി റെസ്ക്യൂ ഫോഴ്സിന്റെ സ്നേക് ക്യാച്ചർ അരഞ്ഞിക്കൽ അബ്ദുൽ മജീദ് എത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇടുങ്ങിയ മുറിയിൽ പാമ്പ് ഒളിച്ചു.

ഇന്നലെ രാവിലെ കൂടുതൽ സന്നാഹങ്ങളോടെ എത്തി പിടികൂടി. ഒപി ബ്ലോക്കിനു പിന്നിൽ പണി മുടങ്ങിയ ബഹുനില കെട്ടിടം പാമ്പുകൾ, തെരുവു നായ്ക്കൾ എന്നിവയുടെ താവളം ആണ്. ഭിത്തിയിൽ കേബിളിന്റെ ദ്വാരം വഴി ആണ് പാമ്പ് സ്റ്റോറിൽ കടന്നതെന്ന് കരുതുന്നു.