10 മാസത്തിൽ 10 മക്കളുടെ അമ്മ; 23–കാരിയുടെ ആഗ്രഹം 105 മക്കൾ..!; 'ക്യൂട്ട്' ചിത്രങ്ങൾ

റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ഒസ്ടർക് എന്ന 23കാരിക്കും ഭർത്താവായ ഗാലിപിനും വീട് നിറയെ കുട്ടികൾ വേണം എന്നാണ് ആഗ്രഹം. കൃത്യമായി പറഞ്ഞാൽ 105 കുഞ്ഞുങ്ങൾ വേണമെന്നാണ് ഇവരുടെ പദ്ധതി. ഈ ആഗ്രഹം സാധിച്ചെടുക്കാൻ അവർ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുക എന്ന മാർഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വാടക ഗർഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുകയാണ്  ഈ ദമ്പതികൾ .

പതിനേഴാം വയസ്സിൽ താൻ ഗർഭം ധരിച്ച് പ്രസവിച്ച  വൈക എന്നൊരു മകൾ കൂടി ക്രിസ്റ്റീനയ്ക്ക് ഉണ്ട്. 56 കാരനായ ഭർത്താവ് ഗാലിപിനും  ആദ്യവിവാഹത്തിൽ മക്കളുണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീന ഗാലിപിനെ പരിചയപ്പെട്ട് ഇരുവരും വിവാഹിതരായത്. വീടുനിറയെ കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹം പരസ്പരം പങ്കു വച്ചതോടെ എല്ലാ വർഷവും ഓരോ കുഞ്ഞിന് ജന്മം നൽകാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ വൈദ്യപരിശോധനയിൽ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ  ഗർഭപാത്രങ്ങൾ വാടകയ്ക്കെടുക്കാൻ  തീരുമാനിക്കുകയായിരുന്നു. നൂറിനു മുകളിൽ മക്കൾ എന്ന തങ്ങളുടെ  ആഗ്രഹം നടത്തിയെടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം അതാണെന്ന് മനസ്സിലായതോടെ  അടുത്തടുത്ത മാസങ്ങളിൽ തന്നെ  വാടക ഗർഭധാരണത്തിന് തയ്യാറായവരെ കണ്ടെത്തുകയായിരുന്നു.

അങ്ങനെ ആദ്യത്തെ കുഞ്ഞ് 2020 മാർച്ചിൽ പിറന്നു.2021 ജനുവരിയിലാണ്  പത്താമത്തെ കുഞ്ഞ് പിറന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ  കുഞ്ഞുങ്ങളുടെയും പ്രസവത്തിനായി ചെലവാക്കിയിരിക്കുന്നത്.ഒരുതവണയെങ്കിലും മാതാവായ യുവതികളെ മാത്രമാണ് തങ്ങളുടെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനായി ഇരുവരും തിരഞ്ഞെടുത്തത്. ഇതിനുപുറമേ ഇവർക്ക് ദുശീലങ്ങൾ ഒന്നുമില്ല എന്നും കരാറിൽ ഒപ്പ് വയ്ക്കുന്നതിനുമുമ്പ് ഉറപ്പു വരുത്തിയിരുന്നു.

ഇപ്പോൾ വീട്ടിലെത്തിയിരിക്കുന്ന  പുതിയ അതിഥികൾ അല്പംകൂടി മുതിർന്നശേഷമേ ഇനി  കുഞ്ഞുങ്ങൾക്കായി ശ്രമിക്കൂ എന്നും  ഇരുവരും തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിനുവേണ്ടി പ്രത്യേ പരിചാരകരെയും നിയമിച്ചിട്ടുണ്ട്.എങ്കിലും ദിവസത്തിൽ പരമാവധി സമയവും കുഞ്ഞുങ്ങളുടെ കാര്യം നേരിട്ട് ശ്രദ്ധിച്ചു അവരോടൊപ്പം തന്നെ ചിലവഴിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ക്രിസ്റ്റീന പറയുന്നു. കുഞ്ഞുങ്ങളുടെ ഉറക്കം, ആഹാരം എന്നിവയ്ക്ക് പുറമേ അവരെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ പോലും ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തി വയ്ക്കാറുണ്ട് എന്നും  ക്രിസ്റ്റീന പറയുന്നു.