‌ആദ്യഘട്ട ചികിൽസ വിജയം; 48 മണിക്കൂർ നിർണായകം

ഗുരുതര ഹൃദ്രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞിൻറെ ആദ്യഘട്ട ചികിൽസ വിജയം. അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ നിർണായകമാണെന്നും കുട്ടിയെ ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ വിദഗ്ദ ചികിൽസയ്ക്കായി എറണാകുളത്തെത്തിച്ചത്. 

അതീവ ഗുരുതര ഹൃദ്രോഗമുള്ള നവജാത ശിശുവിനെ വ്യാഴാഴ്ച പുലർച്ചെയാണ് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ജനിച്ച കുഞ്ഞിൻറെ ഹൃദയഭിത്തിയിൽ ദ്വാരമുണ്ട്. ഇതിനു പുറമേ ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലും കുഞ്ഞിന് ഇല്ല. എറണാകുളത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ ഹൃദയത്തിൽ നിന്ന് ശ്വാസ കോശത്തിലേക്കുള്ള കുഴൽ സ്റ്റെൻറ് ഉപയോഗിച്ച് വികസിപ്പിക്കുകയായിരുന്നു ചികിൽസയുടെ ആദ്യഘട്ടം. രക്തത്തിൽ ഓക്സിജൻറെ അളവ് കുറയാതെ നിലനിർത്താൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ ഏറെ നിർണായകമാണെന്നും ചികിൽസിക്കുന്ന ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.

സഹായം അഭ്യർഥിച്ച് കുഞ്ഞിൻറെ അമ്മാവൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിദഗ്ദ ചികിൽസയ്ക്ക് വഴിയൊരുങ്ങിയത്. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് രണ്ടേകാൽ മണിക്കൂർ  കൊണ്ട് കുഞ്ഞിനെ പെരിന്തൽമണ്ണയിൽ നിന്ന് എറണാകുളത്തെത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിൻറെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിൽസ നടത്തുന്നത്.