ലോറി ഓവർലോഡോ? ഓട്ടോയുടെ പാർക്കിങ്ങോ? ഈ അപകടം ആരുടെ തെറ്റ്: വിഡിയോ

നീളം കൂടിയ തടിയുമായി എത്തിയ ലോറി ജംക്‌ഷനിൽ വളയാൻ ശ്രമിക്കുമ്പോൾ പിന്നിലേക്ക് നീണ്ടു നിൽക്കുന്ന തടി വലതു വശത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ തകർക്കുന്നു. സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായ വിഡിയോയായിരുന്നു ഇത്.

ഓട്ടോറിക്ഷയിൽ ആളുകളില്ലായിരുന്നത് ദുരന്തം ഒഴിവാക്കി. ഒറ്റ നോട്ടത്തിൽ ഓവർലോഡുമായി വന്ന ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടം കാരണം. എന്നാൽ ലോറി ഡ്രൈവറുടെ മാത്രമല്ല, ജംക്‌ഷനിൽ അലക്ഷ്യമായി പാർക്ക് ചെയ്ത ഓട്ടോറിക്ഷയും അപകടത്തിന്റെ ഉത്തരവാദിയാണ്.

മോട്ടർ വെഹിക്കിൾ നിയമ പ്രകാരം നീളം കൂടിയ തടി പോലുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ വാഹനത്തിന്റെ നീളത്തിൽ നിന്ന് ഒരു മീറ്റർ വരെ തള്ളി നിൽക്കാൻ അനുവാദമുണ്ട്. എന്നാൽ ലോറിയിലെ തടിക്ക് അതിൽ കൂടുതൽ നീളമുണ്ടെന്നാണ് കരുതുന്നത്. ട്രാഫിക് സിഗ്‌നലിനോട് ചേർന്നോ ജംക്‌ഷനിലോ വാഹനം പാർക്കിങ് പാടില്ല എന്നും നിയമത്തിലുണ്ട്.