പ്രണയദിനത്തിൽ രാജൻ സരസ്വതിയെ താലി ചാർത്തി; ഒപ്പം നിന്ന് നാട്

അടൂർ മഹാത്മായിലെ അന്തേവാസികളായ രാജന്റെയും സരസ്വതിയുടെയും വിവാഹത്തിനു താലി എടുത്തു നൽകുന്ന ചിറ്റയം ഗോപകുമാർ എംഎൽഎ

മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായ രാജനും (58) സരസ്വതിയും (65) പ്രണയ ദിനത്തിൽ വിവാഹ ജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറി. കോവിഡ് പശ്ചാത്തലത്തിൽ മഹാത്മായിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ ഇന്നലെ രാവിലെ 11നും 11.30നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ചിറ്റയം ഗോപകുമാർ എംഎൽഎയാണ് രാജന് താലി എടുത്ത് നൽകിയത്. വധുവിന് അണിയാനുള്ള ആഭരണം അടൂർ ഗോൾഡ് ജ്വല്ലറി ഉടമ സുഭാഷും നൽകി.

ശബരിമലയിൽ തീർഥാടന വേളയിൽ കടകളിൽ ജോലി ചെയ്ത് ജീവിച്ചിരുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജൻ ലോക്ഡൗൺ സമയത്ത് ജോലി ഇല്ലാതായതോടെ കഴിഞ്ഞ ഏപ്രിൽ 18നാണ് അടൂർ മഹാത്മായിൽ എത്തിയത്. മാതാപിതാക്കൾ മരിച്ച ശേഷം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സംസാര വൈകല്യമുള്ള മണ്ണടി പുളിക്കൽ വീട്ടിൽ സരസ്വതിയെ 2018 ഫെബ്രുവരി 2ന് ആണ് മഹാത്മാ ഏറ്റെടുത്തത്. ഇരുവരും വയോജനങ്ങളെ പരിപാലിക്കുന്ന ജോലിക്കിടെ പ്രണയത്തിലാവുകയായിരുന്നു. ഈ വിവരം മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചതിനെ തുടർന്നാണ് പ്രണയദിനത്തിൽ വിവാഹിതരാവാനുള്ള അവസരമൊരുക്കിയത്.

നഗരസഭ അധ്യക്ഷൻ ഡി. സജി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, പഞ്ചായത്തംഗം ശരത്ചന്ദ്രൻ, സാമൂഹികക്ഷേമ വകുപ്പ് ചാർജ് ഓഫിസർ ജെ.ഷംല ബീഗം, മംഗലത്തു ഗ്രൂപ്പ് എംഡി ലിജു മംഗലത്ത്, മഹാത്മാ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, സി.വി ചന്ദ്രൻ, രഘു പെരുമ്പുളിക്കൽ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.