‘കാഴ്ചക്കാർ കുറവാണ്; കനിയണം..’; ജീവിക്കാൻ യൂട്യൂബ് ചാനലുമായി ശരണ്യ

സിനിമയിലും സീരിയലിലും സ്വപ്ന തുല്യമായ തുടക്കം ലഭിച്ചിട്ടും വിധി ശരണ്യയ്ക്ക് എതിരായിരുന്നു. എന്നിട്ടും തോൽക്കാതെ പോരാടി ജീവിതം തിരിച്ചു പിടിക്കുകയാണ് മലയാളിയുടെ പ്രിയ താരം. ജീവിതം മുന്നോട്ടുപോകാൻ ഒരു യൂട്യൂബ് ചാനലും ശരണ്യ ആരംഭിച്ചു. പാചകവും ജീവിതാനുഭവങ്ങളുമാണ് ശരണ്യ ഇതിലൂടെ പങ്കുവയ്ക്കുന്നത്. സൈബർ ഇടത്തെ മലയാളി കനിഞ്ഞാൽ ദുരിതത്തിലായ ശരണ്യയുടെ ജീവിതത്തിന് ഒരു വഴിത്തിരിവ് കൂടിയാകും ഈ തുടക്കം. അഞ്ചോളം വിഡിയോകൾ താരം ഇതിനോടകം പങ്കുവച്ചിട്ടുണ്ട്.

കാഴ്ചക്കാരും സബ്സ്ക്രൈബേഴ്സും വളരെ കുറവാണെന്നും കനിയണം കനിഞ്ഞേ പറ്റൂവെന്ന് താരം വിഡിയോയുടെ തുടക്കത്തിൽ അഭ്യർഥിക്കുന്നു. അമ്മയുടെ സഹായത്തോടെയാണ് ശരണ്യ വിഡിയോ തയാറാക്കുന്നത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിൽസയിലായിരുന്നു താരം. 

കഴിഞ്ഞ ഏതാനും വർഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു.