മോഡലായി വൈറലായ മുത്തശ്ശിയുടെ ജീവിതം ഷെഡില്‍; വീട് നല്‍കുമെന്ന് ബോബി

സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീട് വേണം. അതായിരുന്നു 98 കാരി പാപ്പിയമ്മയുടെ ഏക മോഹം. ഒരു  വർഷത്തിലേറെയായി കഴിയുന്നത് ഒരു ഷെഡിൽ. ദിവസങ്ങൾക്ക് മുൻപ് മോഡലായി എത്തി കേരളത്തിന്റെ മനസ് കവർന്നു ഈ മുത്തശി. പാപ്പിയമ്മ സജീവ ചർച്ചയാകുമ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എത്തിയിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ.

പാപ്പിയമ്മയുടെ വീട്ടിലെത്തിയ അദ്ദേഹം പുതിയ വീട് വച്ചുനൽകാമെന്ന് ഉറപ്പുനല്‍കി. ഈ ഷെഡിന്റെ വാതിൽ ഒന്നുമാറ്റി തരാമോ എന്നാണ് പാപ്പിയമ്മ ബോബിയോട് ആദ്യം ചോദിച്ചത്. ഈ ഷെഡിന് പകരം പുതിയ വീട് തന്നെ ഇവിടെ നിർമിച്ചുനൽകുമെന്ന് മുത്തശിക്ക് ഉറപ്പുകൊടുത്തെന്നും ബോബി പറഞ്ഞു. സ്വന്തം ഭൂമിയിൽ ഷീറ്റുകൾ കൊണ്ട് മറച്ച ഷെഡിലാണ് ഈ 98കാരി ഇതുവരെ ജീവിച്ചത്.

നാടോടിപ്പെൺകുട്ടി ആസ്മാനെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ടിനു ശേഷം വൈക്കത്തുകാരി 98 കാരി പാപ്പി അമ്മയെ മോഡലാക്കി ഫോട്ടോഗ്രഫർ മഹാദേവൻ തമ്പി ചിത്രമെടുത്തിരുന്നു.  പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്.