സി.എഫിന്‍റെ മകള്‍; ന്യൂസ് റൂമിലെ വൈകാരിക മുഹൂര്‍ത്തം

നിയമസഭയുടെ ബജറ്റ് സമ്മേളനം രണ്ടാം ദിവസം ചരമോപചാരങ്ങള്‍ അവതരിപ്പിച്ചത് മനോരമ ന്യൂസ്, ന്യൂസ് റൂമിന് വൈകാരികമായ നിമിഷങ്ങളായി. അന്തരിച്ച ചങ്ങനാശേരി എംഎല്‍എ സി.എഫ് തോമസിനെ സഭ അനുസ്മരിക്കുമ്പോള്‍ ആ വാര്‍ത്താബുള്ളറ്റിന്‍റെ പ്രൊഡ്യൂസര്‍ സിഎഫിന്‍റെ ഇളയമകള്‍ അനു തോമസ് ആയിരുന്നു. മനസാന്നിധ്യവും സൂക്ഷ്മതയും ഏറ്റവുമധികം വേണ്ട ജോലിയാണ് ടെലിവിഷനില്‍ പാനല്‍ പ്രൊഡ്യൂസറുടേത്. മനോരമ ന്യൂസിന്‍റെ തുടക്കം മുതല്‍ ഏറ്റവും കൃത്യതയോടെ പാനല്‍ പ്രൊഡക്ഷന്‍ ചെയ്യാറുള്ള അനു ,തന്‍റെ പിതാവിനെ സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്ന മുഹൂര്‍ത്തവും പക്വതയോടെ കൈകാര്യം ചെയ്തു. ക്യാമറ, ടെക്നിക്കല്‍, ടീമംഗങ്ങളെയും അവതാരകരെയും എല്ലാം  ഏകോപിപ്പിച്ച് പതിവുപോലെ ബുള്ളറ്റിന് അവര്‍ തുടക്കമിട്ടു. പക്ഷേ സ്പീക്കര്‍ അനുശോചന പ്രമേയം വായിച്ചതോടെ പ്രിയ പിതാവിനെക്കുറിച്ചുള്ള ഓര്‍മയില്‍ എന്‍റെ കൂട്ടുകാരി വിതുമ്പി. അവതാരകയായ ഞാനടക്കം സഹപ്രവര്‍ത്തകരെയാകെ നൊമ്പരപ്പെടുത്തിയ നിമിഷങ്ങളായിരുന്നു അത്. വേണമെങ്കില്‍ പാനല്‍ പ്രൊഡക്ഷന്‍ മറ്റൊരാളെ ഏല്‍പ്പിക്കാം എന്ന് ഡെസ്ക് നിര്‍ദേശിച്ചെങ്കിലും ജോലിയില്‍ എന്നും ഉത്തരവാദിത്തം കാട്ടാറുള്ള അനു അത് നിരസിച്ചു. കണ്ണീരണിഞ്ഞെങ്കിലും തികഞ്ഞ പക്വതയോടും  ഉത്തരവാദിത്തത്തോടും കൂടി അവര്‍ തന്‍റെ ജോലി പൂര്‍ത്തിയാക്കി.

ലാളിത്യമായിരുന്നു സി.എഫ് തോമസ് എന്ന രാഷ്ട്രീയ നേതാവിന്‍റെ മുഖമുദ്ര. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ പ്രത്യേകതയും. സി.എഫ് മന്ത്രിയായിരുന്ന കാലത്തും അനു ഞങ്ങളുടെ സഹപ്രവര്‍ത്തകയായിരുന്നു. ഒരിക്കല്‍പ്പോലും മന്ത്രിപുത്രി എന്ന നിലയിലുള്ള പെരുമാറ്റം അവരില്‍ക്കണ്ടിട്ടില്ല. ആരോടും മന്ത്രിയുടെ മകളെന്ന്  സ്വയം പരിചയപ്പെടുത്തുക പോലും ചെയ്തിരുന്നില്ല. ചങ്ങനാശേരി മണ്ഡലം കുടുംബസ്വത്തായി കൊണ്ടു നടക്കണമെന്ന് മോഹിച്ചിട്ടുമില്ല. പിതാവിന്‍റെ രാഷ്ട്രീയസ്വാധീനം മക്കള്‍ക്ക് തണലാകുന്നതിനോട് സിഎഫിന് യോജിപ്പില്ലെന്ന് അനു പറയുമായിരുന്നു.

കോടികള്‍ മറിയുന്ന കേരളരാഷ്ട്രീയത്തില്‍ സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ലാത്ത നേതാവായിരുന്നു സി.എഫ് തോമസ്. ചങ്ങനാശേരിയിലെ തറവാട് വീട്ടിലേക്ക് വണ്ടി കയറുന്ന റോഡില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ അനുവിനെ കളിയാക്കാറുണ്ടായിരുന്നു. ഇന്ന് കൂടെയില്ലാത്ത പിതാവിനെക്കുറിച്ച് ഒരു പക്ഷേ അനു തോമസിന് അഭിമാനിക്കാവുന്ന വസ്തുതയും അതുതന്നെ. അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂത്തരങ്ങായ രാഷ്ട്രീയത്തില്‍ അതില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച നേതാവായിരുന്നു ഞങ്ങള്‍ക്ക് 'അനുവിന്‍റെ പപ്പ' ആയ ശ്രീ സി.എഫ് തോമസ്. പലപ്പോഴും അദ്ദേഹം സ്വന്തം ആരോഗ്യകാര്യത്തില്‍ അനാസ്ഥ കാട്ടുന്നതിനെക്കുറിച്ച് അനു ആശങ്കപ്പെടാറുണ്ടായിരുന്നു. പപ്പയുടെ പ്രിയപുത്രിയുടെ ആശങ്കകള്‍ ശരിവച്ച് സി.എഫ് അകാലത്തില്‍ വിടവാങ്ങി.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഞങ്ങള്‍ വളരെ കുറച്ച് സഹപ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. മഹാമാരിയെക്കുറിച്ചുള്ള ഭയം പോലും മാറ്റിവച്ച് ചങ്ങനാശേരിയിലേക്ക് ഒഴുകിയെത്തിയ ജനം സിഎഫിന്‍റെ ജനപ്രീതി വിളിച്ചുപറയുന്നതായിരുന്നു. അനുവിന്‍റെ മാത്രമല്ല, ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെ ഓര്‍മയിലും എന്നും നന്മയുടെ നേര്‍ച്ചിത്രമായി ഉണ്ടാകും അദ്ദേഹം.