‘ദൂരെ നിന്നാൽ മമധർമ ചെറുത്; അടുത്താൽ വിശാലം’; ഫ്ലോർ പണി തുടങ്ങി: അലി അക്ബർ

'1921, പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കുന്ന സിനിമാ സെറ്റിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ സംവിധായകന്‍ അലി അക്ബർ. സിനിമയുടെ ഓരോ പുരോഗമനങ്ങളും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിടാറുണ്ട്. ഇതിന് പരിഹസിച്ചും പിന്തുണച്ചും ഒട്ടേറെ പേർ പോസ്റ്റിന് താഴെ എത്താറുമുണ്ട്. ഇപ്പോൾ ഷൂട്ടിങ് ഫ്ലോറിന്റെ പണി തുടങ്ങിയ വിവരമാണ് അദ്ദേഹം പറയുന്നത്. ‘ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ്. അടുക്കുമ്പോൾ അതിന്റെ വിശാലത തൊട്ടറിയാം.. ഒരു സമൂഹത്തിന്റെ വിയർപ്പിനോടൊപ്പം എന്റെ വിയർപ്പും കൂടിച്ചേരുമ്പോൾ ഉയരുന്ന തൂണുകൾക്ക് ബലം കൂടും.’ അദ്ദേഹം കുറിച്ചു.

ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച്, ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന് വലിയ പിന്തുണയായിരുന്നു ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. ഒരുകോടിയിലധികം രൂപ ഇതിനോടകം അക്കൗണ്ടിൽ എത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ അലി അക്ബറിനു നേരെ ട്രോള്‍ ആക്രമണവും രൂക്ഷമാണ്. പിരിച്ച പൈസ മുഴുവൻ സ്വന്തം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ഈ സിനിമ ഒരിക്കലും പുറത്തുവരില്ലെന്നുമാണ് വിമര്‍ശകരുടെ വാദം.