450 രൂപ ദിവസക്കൂലി; വീട് ജപ്തിയിൽ; ആ വീട്ടിലിരുന്ന് കളിച്ചുകിട്ടിയത് 10 ലക്ഷം; വിഡിയോ

‘സാറെ, സത്യമാണോ..?’ അമ്പരപ്പോടെയാണ് വിഷ്ണു ആ ഫോണിന് മറുപടി പറഞ്ഞത്. ആ വാർത്ത അറിഞ്ഞപ്പോൾ എന്താണ് ആദ്യം തോന്നിയത് എന്ന ചോദ്യത്തിന്, എന്റെ വീട് എന്നായിരുന്നു വിഷണു തങ്കച്ചന്റെ മറുപടി. മഴവിൽ മനോരമ ഉടൻ പണം 3.0യുടെ പുതുവൽസരസമ്മാനമായ പത്തുലക്ഷം രൂപ വീട്ടിലിരുന്ന് കളിച്ച് നേടിയത് എറാണാകുളം കുമ്പളം സ്വദേശിയായ വിഷ്ണുവാണ്. താമസിക്കുന്ന വീട് ജപ്തിയുടെ വക്കിൽ നിൽക്കുമ്പോഴാണ് വിഷ്ണുവിനെ തേടി അറവിന്റെ മഹാഭാഗ്യം എത്തുന്നത്.

‘സഹോദരിയുടെ കല്യാണത്തിന് വീട് പണയം വച്ചിരുന്നു. പലിശയൊക്കെ പെരുകി ഇപ്പോൾ എട്ടുലക്ഷത്തിന് പുറത്ത് അടയ്ക്കാനുണ്ട്. ജപ്തിയുടെ വക്കിലാണ്. മറ്റ് വഴിയൊന്നുമില്ലാതെ നിൽക്കുകയായിരുന്നു. 450 രൂപ ദിവസക്കൂലിക്ക് വാഹനമോടിക്കുന്ന ഡ്രൈവറാണ്. അച്ഛൻ മൽസ്യത്തൊഴിലാളിയാണ്. അമ്മ തയ്യൽതൊഴിലാളിയും. ജീവിതം വല്ലാതെ കഷ്ടപാടിലേക്ക് പോകുമ്പോഴാണ് ഉടൻ പണം ഗെയിം വീട്ടിലിരുന്ന് കളിച്ചത്. പുതുവൽസരസമ്മാനം പത്തുലക്ഷം രൂപയ്ക്ക് വേണ്ടി അന്ന് ആത്മാർഥമായി പരിശ്രമിച്ചിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരവും നൽകി. എങ്കിലും ആ പത്തുലക്ഷം എനിക്ക് കിട്ടുമെന്ന് വിചാരിച്ചില്ല. ഒരുപാട് നന്ദിയുണ്ട്. എനിക്ക് എന്റെ വീടിന്റെ കടം തീർക്കാം. ആ വീട് സ്വന്തമാക്കാം..നന്ദി..’ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ വിഷ്ണു പറയുന്നു. വിഡിയോ കാണാം.