സ്നേഹം നട്ടൊരു വെഡിങ് ഷൂട്ട്‌; ജീവിതം തുടങ്ങി 200 കണ്ടല്‍ത്തൈകളും

വെഡിങ് ഷൂട്ടുകൾ അരങ്ങു തകർക്കുന്ന കാലത്തിതാ സ്നേഹം നട്ടൊരു പോസ്റ്റ്‌ വെഡിങ് ഷൂട്ട്‌. കൊല്ലം സാമ്പ്രാണിക്കൊടിയിൽ കല്യാണപിറ്റേന്ന് മനുവും രേഷ്മയും ചേർന്ന് നട്ടത് ഇരുന്നൂറോളം കണ്ടൽത്തൈകൾ. ഹരിത കേരള മിഷൻ പ്രവർത്തകയും അഗ്രിക്കൾച്ചർ ബിരുദധാരിയുമായ രേഷ്മയ്ക്കും ക്ഷീര വികസന വകുപ്പ് ജീവനക്കാരനായ മനുവിനും പ്രകൃതിയോടേറെ പ്രിയം. 

പോസ്റ്റ്‌ വെഡിങ് ഷൂട്ടിലും പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുള്ളിൽ ഏറെ മുൻപ് തന്നെ കാടുപിടിച്ചു. മരം നടണമെന്ന മോഹമാണ് കണ്ടൽത്തൈകൾ നടുകയെന്ന  ആശയത്തിൽ ദമ്പതിമാരെ എത്തിച്ചത്. ഇന്നു നട്ട തൈകൾ അഞ്ചു വർഷങ്ങൾക്കപ്പുറം കണ്ടൽത്തുരുത്തായി കാണുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയാണ് ഈ ഉദ്യമത്തിലേക്ക് ഇരുവരെയും നയിച്ചത്. 

ഹരിത കേരള മിഷനും ആലപ്പാട് പഞ്ചായത്തുമാണ്  കണ്ടൽ തൈകൾ വിതരണം ചെയ്തത്. കൊല്ലത്തെ ശുദ്ധജല ദൗർലഭ്യതയാണ് കണ്ടൽ നടാൻ പ്രേരിപ്പിച്ചതെന്ന് രേഷ്മ പറയുന്നു. കണ്ടലും ഞങ്ങളോടൊപ്പം വളരട്ടെ. പ്രതികൂല സാഹചര്യങ്ങളിലും ചുറ്റുപാടുകളെ ശുദ്ധീകരിച്ച് ഇടതൂർന്നു വളരുന്ന കണ്ടൽവനങ്ങളെപ്പോലെ മുൻപോട്ടുള്ള ജീവിതം മനോഹരമാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ. വരും ദിവസങ്ങളിൽ മാലിന്യ സംസ്കരണ  പദ്ധതികളിൽ സജീവ പങ്കാളികളാവാനുള്ള തയ്യാറെടുപ്പിലാണ് മനുവും രേഷ്മയും.