വധുവിന്റെ കൈപിടിച്ച്.. ‘പ്രചാരണ മധുവിധു’

ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇടവേള നൽകി വിവാഹ ജീവിതത്തിലേക്ക് ചുവടുവച്ച് സ്ഥാനാർഥി. വള്ളക്കടവ് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.അൻവർ നാസറാണ് തിരഞ്ഞെടുപ്പ് തിരക്കിനിടെ വിവാഹിതനായത്. മണക്കാട് സ്വദേശിയും നാഷനൽ കോളജ് അധ്യാപികയുമായ റോഷ്നി അമീറാണ് വധു. വള്ളക്കടവ് ടൗൺ മസ്ജിദിൽ ഇന്നലെ രാവിലെ  11.30നായിരുന്നു നിക്കാഹ്. വിവാഹ ചടങ്ങിലും വോട്ട് ചോദിക്കാൻ സ്ഥാനാർഥി മറന്നില്ല. ഭർത്താവിനു പിന്തുണ നൽകി ഭാര്യ റോഷ്നിയും ഒപ്പം കൂടി.  വോട്ട് തേടി ഇന്നു മുതൽ റോഷ്നിയും അമീറിനൊപ്പം ഉണ്ടാകും. 2 ദിവസം പ്രചാരണത്തിനു അവധി നൽകിയാണ് വിവാഹം നടത്തിയത്.

ഇതുമറികടക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ സമയം പ്രചാരണത്തിനിറങ്ങാനാണ് സ്ഥാനാർഥിയുടെ തീരുമാനം.  വിവാഹം നാളുകൾക്കു മുൻപേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. അതിനിടെയാണ് കോവിഡ് വന്നത്. ഇതോടെ വിവാഹം നീട്ടിവച്ചു. വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു അൻവറിന്റെ സ്ഥാനാർഥിത്വം. തിരഞ്ഞെടുപ്പ് തിരക്കിനിടെ വിവാഹം മാറ്റിവയ്ക്കേണ്ടന്നു ഇരുവരുടെയും വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും ജനപ്രതിനിധികളും പങ്കെടുത്തു.