സ്വർണക്കട്ടികളുമായി 11 കപ്പൽ താണു; ഇന്ന് കടൽത്തീരത്ത് നിധിക്കൊയ്ത്ത്; അദ്ഭുതം

നൂറ്റാണ്ടുകൾക്ക് മുൻപ് സ്വർണക്കട്ടികളുമായി കടലിൽ മുങ്ങിയ കപ്പലിൽ നിന്നും നിധിക്കൊയ്ത്താണ് ഇപ്പോൾ. അന്ന് 11 കപ്പലുകളാണ് സ്വർണവും വെള്ളിയും ആഭരണങ്ങളുമായി കടലിൽ മുങ്ങിയത്. ക്യൂബയിൽനിന്നു കവർന്നെടുത്ത വസ്തുക്കളുമായി പോയ സ്പെയിനിന്റെ 12 കപ്പലുകളാണ് കടലാക്രമണത്തിൽ മുങ്ങിയത്. യുഎസിലെ ഇന്നത്തെ വെറോ ബീച്ചിന്റെ സമീപത്തെത്തിയപ്പോഴാണ് 1715 ജൂലെ 31ന് അപകടം സംഭവിച്ചത്

ഇന്ന് നിധിയുടെ തീരം (ട്രഷർ കോസ്റ്റ്) എന്ന് വെറോ ബീച്ചും പരിസരവും അറിയപ്പെടുന്നത്. 1961ലാണ് ആദ്യമായി കടൽത്തീരത്തുനിന്നു പലതരം നാണയങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഈ പേര് ലഭിച്ചത്. അതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് നിധിവേട്ടക്കാർ ഇങ്ങോട്ടേക്ക് ഒഴുകാൻ തുടങ്ങി. അക്കൂട്ടത്തിലൊരാളായിരുന്നു നാൽപത്തിമൂന്നുകാരനായ ജോന മാർട്ടിനെസ്. കഴിഞ്ഞ 24 വർഷമായി അദ്ദേഹം ഫ്ലോറിഡയിലെ ഈ നിധിയുടെ തീരത്ത് മെറ്റൽ ഡിറ്റക്ടറുമായി നടക്കുകയാണ്.

ഇതുവരെ ഏകദേശം 100 കോടിയോളം രൂപ മൂല്യം വരുന്ന നിധി പലയിടത്തു നിന്നായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ജോനയുടെ അവകാശവാദം. അഞ്ചുവർഷം മുൻപ് നിധിയുടെ തീരത്തുനിന്നു തന്നെ ഏകദേശം 33 കോടി രൂപ മൂല്യം വരുന്ന മുന്നൂറോളം സ്വർണനാണയങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. നിയമമനുസരിച്ച് കടൽത്തീരത്തു നിന്നു ലഭിക്കുന്ന നിധിയുടെ അവകാശം അതു കണ്ടെത്തിയയാൾക്കാണ്. പല നാണയങ്ങളും ജോന വിൽക്കാതെ കയ്യില്‍വച്ചു. ചിലത് സുഹൃത്തുക്കൾക്കു കൊടുത്തു. മറ്റു ചിലത് മ്യൂസിയങ്ങൾക്കും. 1715ൽ തകർന്ന കപ്പലിൽ നിന്നു കണ്ടെത്തുന്ന വസ്തുക്കൾക്കായി ഫ്ലോറിഡയിൽ മെൽ ഫിഷർ എന്ന പേരിൽ ഒരു ട്രഷർ മ്യൂസിയവുമുണ്ട്. 

അടുത്തിടെ ജോന വീണ്ടും വാർത്തകളിൽ നിറഞ്ഞു. 305 വർഷം മുൻപ് കടലിൽത്താണ കപ്പലിലെ ഏതാനും വെള്ളി നാണയങ്ങളാണ് അദ്ദേഹം ട്രഷർ കോസ്റ്റിന്റെ ഭാഗമായ ടർട്ടിൽ ട്രെയിൽ ബീച്ചിൽ കണ്ടെത്തിയത്. 22 വെള്ളി നാണയങ്ങൾക്ക് ഇന്നത്തെ മൂല്യം അഞ്ചു ലക്ഷത്തിലേറെ രൂപ വരും. സുഹൃത്ത് കോൾ സ്മിത്തുമൊന്നിച്ചായിരുന്നു ഈ കണ്ടെത്തൽ. ഇവ 1715ൽ തകർന്ന കപ്പലിൽ നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.