അശ്രദ്ധമായി ഹൈവേയിലേക്ക് കയറി സ്കൂട്ടർ; ഇടിച്ച് തെറിപ്പിച്ച് കാർ; വിഡിയോ

ഇടറോഡുകളിൽ നിന്ന് ഹൈവേയിലേക്ക് ശ്രദ്ധിക്കാതെ കയറുന്ന വാഹനങ്ങൾ വലിയ അപകടങ്ങൾ വരുത്തി വയ്ക്കാറുണ്ട്. ഹൈവേ മുറിച്ച് കടക്കുമ്പോഴും ഈ ജാഗ്രത പാലിക്കേണ്ടതാണെന്നത് ട്രാഫിക് നിയമത്തിന്റെ ബാലപാഠത്തിലുള്ളതാണ്. ആളുകൾ ഇത് പാലിക്കാത്തത് പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. രാജസ്ഥാനിലെ ഒരു നാലുവരിപ്പാത അശ്രദ്ധമായി സ്കൂട്ടർ യാത്രക്കാരൻ ക്രോസ് ചെയ്തപ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.

വേഗത്തിലെത്തിയ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ കാർ എത്തുന്നതിന്റെ വേഗം സ്കൂട്ടർ യാത്രക്കാരൻ കണക്ക് കൂട്ടിയതിൽ വന്ന പിഴവുമാകാമെന്ന വാദവുമുണ്ട്. കാരണം എന്തായാലും ഇടറോഡുകളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് കയറുമ്പോഴും മുറിച്ച് കടക്കുമ്പോഴും ജാഗ്രത ആവശ്യമാണ്. 

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • റോഡിലേക്ക് പ്രവേശിക്കുമുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.
  •  പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.
  •  പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.
  • നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.
  •  മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.
  • റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.