ശനി പുലർച്ചെ മാനത്ത് ചൊവ്വയ്ക്ക് അടുത്തായി ചന്ദ്രൻ; അപൂർവ സംഗമം

മേഘാവൃതമല്ലെങ്കിൽ ചരിത്രത്തിലെ വിസ്മയാവഹമായ ഒരു ഗ്രഹസംഗമത്തിന് 3 ന് പുലർച്ചെ ആകാശം സാക്ഷ്യം വഹിക്കും. അന്നേ ദിവസം ചൊവ്വാ ഗ്രഹത്തിന് അടുത്തായി ചന്ദ്രൻ കാണപ്പെടും. പടിഞ്ഞാറൻ ചക്രവാളത്തോട് അടുക്കുംതോറും ഈ ഗ്രഹ–ചന്ദ്ര സംഗമത്തിന്റെയും അടുപ്പം കൂടുന്നതായി അനുഭവപ്പെടും.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയമാണിത്. അതു കൊണ്ടു തന്നെ പൂർണ്ണചന്ദ്രശോഭയിലും ചെമ്പൻ ഗ്രഹമായ ചൊവ്വയെ എളുപ്പം തിരിച്ചറിയാം. അന്ന് പുലർച്ചെ ഏതാണ്ട് അഞ്ചു മണിയോടെ പടിഞ്ഞാറൻ മാനത്ത് ഈ സംഗമം കാണുമ്പോൾ കിഴക്കൻ മാനം മറ്റൊരു സംഗമത്തിന് വേദിയാകും.

മാനത്ത് ഏറവും തിളക്കത്തിൽ കാണുന്ന ശുക്ര (Venus) ഗ്രഹവും ചിങ്ങം (Leo) രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ മകവും (Regulus) റിക്കാർഡ് അടുപ്പത്തിലായിരിക്കും. ഇനി 2028 ൽ മാത്രമേ ശുക്രൻ ഈ നക്ഷത്രത്തോട് ഇതു പോലെ അടുത്തു കാണപ്പെടുകയുള്ളൂ. ഈ കാഴ്ചകൾ എല്ലാം വെറും കണ്ണു കൊണ്ടു തന്നെ കാണാമെങ്കിലും ശുക്ര– മക സംഗമം ബൈനോക്കുലറിൽ കാണുക രസാവഹമായിരിക്കും.

ചന്ദ്രൻ ഏതാനും ലക്ഷം കിമീ മാത്രം അകലെയാണെങ്കിലും മറ്റുള്ളവ കോടിക്കണക്കിന് കിമീ അകലെയാണ്. മകം ഭൂമിയിൽ നിന്ന് ഏതാണ്ട് 79 പ്രകാശ വർഷം അകലെയാണ്. ഇത് 4 നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണെന്ന് വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു