ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര; 70 ദിവസം, 18 രാജ്യങ്ങൾ; ചെലവ്..

കോവിഡ് പ്രതിസന്ധികളും ലോക്ഡൗണും സ‍ഞ്ചാരികൾക്ക് വലിയ മടുപ്പാണ് ഉണ്ടാക്കിയത്. ഇതെല്ലാം കഴിഞ്ഞ് ഒരു ട്രിപ്പ് പോകണമെന്ന് ആശിക്കുന്നവരും ഏറെയാണ്. ഇക്കൂട്ടരെ ലക്ഷ്യമിട്ട് അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് ഒരു ടൂറിസ്റ്റ് കമ്പനി നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഡൽഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര എന്നാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചെഴ്സ് ഓവര്‍ലാന്‍ഡ് എന്ന ടൂറിസ്റ്റ് കമ്പനിയുടെ പ്രഖ്യാപനം.

എഴുപതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും. മൊത്തം 20,000 കിലോമീറ്റര്‍ റോഡ്‌ യാത്രയാണ് ഇത്. 'ബസ് ടു ലണ്ടന്‍' എന്നാണു ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി വെബ്സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്.

മ്യാൻമർ, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലാന്‍റ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോവുക.

ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള മുഴുവൻ യാത്രയ്ക്കായി ഒരാൾക്ക് 15 ലക്ഷം രൂപയാണ് ചെലവ് വരിക.  ആദ്യയാത്ര 2021 മെയ് മാസത്തിൽ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ തുഷാർ അഗർവാൾ ഒരു മാധ്യമ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.