പിൻകഴുത്തിൽ പിടിമുറുക്കി; ആംബുലൻസ് പാളി; സംഘട്ടന രംഗംപോലെ കോവിഡ് പോരാട്ടം

ആലുവ പുളിഞ്ചോട് കവലയിൽ അന്നു നടന്നത് സിനിമയിലെ ഒരു സംഘട്ടന രംഗം പോലെ തോന്നാം. 108 ആംബുലൻസ് ഡ്രൈവർമാരായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പവിശങ്കറും കോട്ടയം മീനടം സ്വദേശി കെ.ജെ. രാജ്മോഹനുമായിരുന്നു കഥയിലെ നായകർ. ജൂലൈ 8, വൈകിട്ട് 5.00: വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ സ്രവ സാംപിൾ ശേഖരിക്കാനായി കളമശേരി മെ‍ഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ പവിശങ്കറിന്റെ ദൗത്യം.

ആലുവ പുളിഞ്ചോട് കവലയെത്തിയപ്പോൾ പിന്നിലിരുന്നയാൾ ഗ്ലാസ് വാതിലിലൂടെ കൈയിട്ട് പവിശങ്കറിന്റെ കഴുത്തിൽ പിടിമുറുക്കി. ആംബുലൻസ് റോഡിൽ പാളി. ഒരു വിധം ബ്രേയ്ക്ക് പിടിച്ചു നിർത്തി പവിശങ്കർ പുറത്തിറങ്ങി. ഇതിനിടയിൽ യുവാവ് ആംബുലൻസിലെ മുൻ സീറ്റിലേക്കു കടന്ന് ഗ്ലാസ് ഇടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും തൊട്ടു പിന്നിൽ മറ്റൊരു ആംബുലൻസിൽ ടി.കെ. രാജ്മോഹനുമെത്തി. ഇരുവരും ചേർന്ന് യുവാവിനെ പിടികൂടി.  ആളെ കീഴ്പ്പെടുത്തി ആബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലെത്തിച്ചു. യുവാവിന്റെ സ്രവ പരിശോധന ഫലം വരുന്നതു വരെ ഇരുവരും ക്വാറന്റീനിലായിരുന്നു. ഭാഗ്യത്തിനു ഫലം നെഗറ്റീവായി.

കോവിഡ് മാത്രമാണു നെഗറ്റീവായത്. കിട്ടിയ അടിയും തൊഴിയും കാരണം രാജ്മോഹനു മൂത്ര തടസ്സമുണ്ടായി. കൈയിൽ ചെറിയ ചതവും.  പരിശോധനയിൽ മൂത്രത്തിൽ രക്തവും. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ പവിശങ്കറിന്റെ വിവാഹ നിശ്ചയം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. കോവിഡ് ഡ്യൂട്ടി കഴിഞ്ഞിട്ടു മതി കല്യാണ നിശ്ചയമെന്നു തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. പവിശങ്കറിനെയും രാജ്മോഹനെയും പോലെ കോവിഡ് കാലത്ത് രാപകൽ അധ്വാനിക്കുന്ന എത്രയോ ആംബുലൻസ് ഡ്രൈവർമാരുണ്ടാകും; അവർക്ക് പറയാൻ ഇതിലേറെ കഥകളും.