'അമ്മ മരിച്ചു സഹായിക്കണം'; തൃശൂർ മുതൽ തലസ്ഥാനം വരെ ഓട്ടോ വിളിച്ചു; ശേഷം മുങ്ങി

രേവത് എന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'. ആര് വന്ന് കരഞ്ഞുപറഞ്ഞാലും രേവത് സഹായിക്കും. കലാഭവൻ മണിയുടെ കടുത്ത ആരാധകൻ കൂടിയാണ് തൃശൂർ സ്വദേശിയായ ഈ ഓട്ടോഡ്രൈവർ. 

രേവതിന്റെ ഈ മനസലിയുന്ന സ്വഭാവം തന്നെയാണ് യാത്രക്കാരൻ മുതലെടുത്തത്. ഒരാളെ സത്യസന്ധമായി സഹായിച്ചതിന്റെ പേരിലാണ് ഈ ഓട്ടോറിക്ഷ ഡ്രൈവറുടെ കണ്ണീര്‍. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ രേവതാണ് ഓട്ടോ ഡ്രൈവര്‍. കെ.എസ്.ആര്‍.സി ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഓട്ടോ ഓടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു യുവാവ് എത്തി അമ്മ മരിച്ചെന്നും തിരുവനന്തപുരം വരെ പോകണമെന്നും ആവശ്യപ്പെട്ടു. ബന്ധുവിനെ ഫോണില്‍ വിളിച്ച് വിശ്വസിപ്പിച്ചു. പണം അവിടെ ചെന്നാല്‍ തരാമെന്നായിരുന്നു വാഗ്ദാനം. പരിചയക്കാരില്‍ നിന്ന് കടംവാങ്ങിയ പണത്തിന് ഡീസല്‍ അടിച്ച് ഓട്ടോ ഡ്രൈവര്‍ തിരുവനന്തപുരത്തേയ്ക്കു പോയി. ഒരു ദിവസം ഉറങ്ങാതെയുള്ള യാത്ര. കനത്ത മഴയും. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഓട്ടോ പാര്‍ക് ചെയ്ത ശേഷം യാത്രക്കാരന്‍ മുങ്ങി. 

പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പിരിവിട്ട് പണം കൊടുത്തു. തിരിച്ച് തൃശൂരിലേക്ക് പോകാന്‍ ഡീസല്‍ അടിക്കാനായി. പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ നിന്ന് യാത്രക്കാരന്റെ പടം പൊലീസിന് കിട്ടി. മാസ്ക്കുള്ളതിനാല്‍ മുഖം വ്യക്തമല്ല. എന്നിരുന്നാലും, പരിചയക്കാര്‍ക്ക് ആളെ പെട്ടെന്നു തിരിച്ചറിയാം