ആദ്യത്തെ ‘അമുൽ ബേബി’ ശശി തരൂരിന്റെ സഹോദരി; ഓർമകളുമായി തരൂർ

ആദ്യത്തെ ‘അമുൽ ബേബി’ മലയാളി പെൺകുട്ടി. ആദ്യത്തെ കളർ അമുൽ ബേബിയും മലയാളി തന്നെ. ഇരുവരും സഹോദരിമാർ. അവരുടെ സഹോദരൻ ശശി തരൂർ എംപി!

തന്റെ സഹോദരിമാരുടെ അമുൽ ബേബിക്കാലം ഓർത്തെടുത്ത് 2016 ൽ തരൂർ എഴുതിയ ഇംഗ്ലിഷ് ലേഖനം ഉദ്ധരിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മലയാളികൾക്ക് ഇതു പുതിയ വാർത്തയായതു കൊണ്ടാവും ഇപ്പോൾ പ്രചരിക്കുന്നതെന്ന് തരൂർ ‘മനോരമ’യോടു പറഞ്ഞു.

ഇന്ത്യയിൽ ധവള വിപ്ലവം തുടങ്ങിയ കാലം. 1961 ൽ പാൽപ്പൊടിയുടെ പായ്ക്കറ്റിൽ കവർ ഗേളാകാൻ പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് ശോഭയിലെത്തിയത്. അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ കമ്പനിയുടെ ചുമതലക്കാരൻ സിൽവസ്റ്റർ ഡികുഞ്ഞയാണ് ശശി തരൂരിന്റെ പിതാവിനോട് കുട്ടികളുടെ ഫോട്ടോയുണ്ടെങ്കിൽ നൽകാൻ ആവശ്യപ്പെട്ടത്. 712 കുട്ടികളുടെ ചിത്രങ്ങൾ കണ്ടിട്ടും തൃപ്തിയാകാതിരുന്ന ഏജൻസിക്ക് ശോഭ തരൂരിന്റെ ഓമനത്തമുള്ള മുഖം ഇഷ്ടമായി.‘അട്ടർലി ബട്ടർലി ഡെലീഷ്യസ്’ എന്നു പറഞ്ഞ് ഫ്രോക്കിട്ടു നിൽക്കുന്ന അമുൽ ഗേൾ മുഖമായി ശോഭ മാറി.

അമുലും തരൂർ കുടുംബവുമായുള്ള ബന്ധം അവിടെ തീർന്നില്ല. പിന്നീട് പായ്ക്കറ്റിലെ പരസ്യം കളറാക്കിയപ്പോൾ മോഡലായത് തരൂരിന്റെ അനുജത്തി സ്മിത. തരൂരിന്റെ ഭാഷയിൽ ‘ആദ്യത്തെ കളർ അമുൽ ബേബി.’

പിൽക്കാലത്ത് പാലക്കാട്ടെ ഒരു ഗ്രാമത്തിൽ മതിലിൽ തന്റെ ബാല്യകാല മുഖം കണ്ടു വിസ്മയം പൂണ്ട സഹോദരിയുടെ കഥയും തരൂർ ഓർമിക്കുന്നു. ശോഭ 1977 ൽ മിസ് കൊൽക്കത്തയായി. സ്മിതയാകട്ടെ മിസ് ഇന്ത്യ റണ്ണറപ്പും.

പിന്നീട്, ശശി തരൂരിനും വന്നു അവസരം. യുഎൻ ജോലിക്കു ശേഷം രാഷ്ട്രീയത്തിലെത്തിയ ശേഷം തരൂർ പലവട്ടം അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടംപിടിച്ചു. അച്ഛനുണ്ടായിരുന്നുവെങ്കിൽ മുംബൈ മറൈൻ ഡ്രൈവിലെ പരസ്യബോർഡുകളിൽ മകന്റെ ചിത്രം കണ്ട് ആഹ്ലാദവാനായേനെ – തരൂർ പറയുന്നു.