വീട്ടില്‍ വെള്ളം കയറില്ല; തടയാന്‍ വാതില്‍; കണ്ടുപിടുത്തം ചാലക്കുടിയില്‍

മഹാപ്രളയത്തില്‍ വിറങ്ങലിച്ച നാടാണ് ചാലക്കുടി. പുഴയില്‍ നിന്ന് വെള്ളം ഇരച്ചെത്തി കവര്‍ന്നെടുത്തത് ഒരുപാട് ജീവിതങ്ങളാണ്. വീടുകളില്‍ നിറയെ ചെളി വന്നടിഞ്ഞു. ഇഴജന്തുക്കളെ തുരത്താന്‍തന്നെ ഏറെ പണിപ്പെട്ടു. പ്രളയത്തിനു ശേഷം വീട് പഴയതു പോലെയാക്കാന്‍ ചില്ലറ അധ്വാനമല്ല വേണ്ടിവന്നത്. ഓരോ വര്‍ഷവും ഓഗസ്റ്റില്‍ പ്രളയ ഭീഷണി നിലനില്‍ക്കുന്നു. ഒറ്റമഴയില്‍തന്നെ െവള്ളം ഉയരുന്ന പ്രതിഭാസം. വായ്പയെടുത്തു വാങ്ങിയ ഫര്‍ണീച്ചറുകള്‍ ഇനിയും പ്രളയത്തില്‍ തകരുന്നത് ആലോചിക്കാനേ കഴിയില്ല. 

ഇങ്ങനെ, പ്രളയത്തിന്റെ ദുരിതം നേരിട്ടറിഞ്ഞ ചാലക്കുടിക്കാരന്‍റെ മനസില്‍ ഉദിച്ച ആശയമാണ് ‘ഫ്ളഡ് ലോക്ക്’. ഫിറ്റ്നസ് ട്രെയിനറായ കെ.ആര്‍.കൃഷ്ണകുമാറാണ് ഫ്ളഡ് ലോക്ക് വികസിപ്പിച്ചെടുത്തത്. യുവചലച്ചിത്ര താരങ്ങളുടെ ഫിറ്റ്നസ് പരിശീലകന്‍ കൂടിയാണ് കൃഷ്ണകുമാര്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച പ്രത്യേക വാതിലാണ് ഫ്ളഡ് ലോക്ക്. നിലവിലുള്ള വാതിലിനു മുമ്പില്‍ ഈ ഫ്ളഡ് ലോക്ക് ഡോര്‍ ഘടിപ്പിച്ചാല്‍ പിന്നെ വാതില്‍ വഴി വെള്ളം കയറൂല്ല. ജനല്‍ പാളിയ്ക്കു മുമ്പിലും ഇത്തരം ചെറിയ ഡോറുകള്‍ സ്ഥാപിച്ചാലും വെള്ളം കയറില്ല. പ്രളയത്തില്‍ ഏറ്റവും ആദ്യം നിറയുന്നത് സെപ്റ്റിക് ടാങ്കുകളാണ്. 

ഈ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് മലിനജലം ശുചിമുറിയില്‍ എത്തും. പിന്നീട്, വീടിനകത്തേയ്ക്കും. ഇതു തടയാന്‍ സെപ്റ്റിക് ടാങ്കിലേയ്ക്കുള്ള പൈപ്പില്‍ വാല്‍വും ഘടിപ്പിക്കണം. ഫ്ളഡ് ലോക്ക് ഡോര്‍ ഘടിപ്പിക്കാന്‍ അഞ്ചു മിനിറ്റു മതി. മഴ കൂടുന്നത് കണ്ടാല്‍ ഡോര്‍ വയ്ക്കുക. പിന്നെ, അഴിച്ചു മാറ്റുക. ഇരുപതിനായിരം രൂപ ഡോര്‍ നിര്‍മാണത്തിനു ചെലവായി. ചെറിയൊരു മുറി പണിത് അതില്‍ ഈ ഡോര്‍ സ്ഥാപിച്ച് മാതൃകയും ഒരുക്കിയിട്ടുണ്ട് കൃഷ്ണകുമാര്‍. പേറ്റന്റ് സ്വന്തമാക്കിയ ശേഷം വ്യവസായിക അടിസ്ഥാനത്തില്‍ ഇത് കേരളം മുഴുവന്‍ ലഭ്യമാക്കണമെന്നാണ് ആഗ്രഹം. ചാലക്കുടി നഗരത്തില്‍ ഫിറ്റ്്നസ് സെന്റര്‍ ഉടമയാണ് കൃഷ്ണകുമാര്‍. ലോക്ഡൗണില്‍ ഫിറ്റ്നസ് സെന്റര്‍ അടച്ചിട്ടപ്പോള്‍ കിട്ടിയ സമയമാണ് ഈ കണ്ടുപിടുത്തത്തിനായി ഉപയോഗിച്ചത്. 

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ്. പക്ഷേ, സാങ്കേതിക കാര്യങ്ങളില്‍ ഒട്ടേറെ ആശയങ്ങളുണ്ടുതാനും. കൃഷ്ണകുമാര്‍ ഒരുക്കിയ ഫ്ളഡ് ലോക്കിന്റെ മാതൃക കാണാം വിഡിയോയില്‍.