അടിപ്പാത നിര്‍മാണം പുതിയ കരാര്‍ കമ്പനി ഏറ്റെടുത്തു; ചാലക്കുടിക്ക് ആശ്വാസം

മുടങ്ങിക്കിടന്ന ചാലക്കുടി ദേശീയപാത അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു. പുതിയ കമ്പനി കരാര്‍ ഏറ്റെടുത്തതോടെ നിര്‍മാണം സജീവമായി. ആറു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് ഉറപ്പ്.

ചാലക്കുടി നഗരസഭാ ജംക്ഷനില്‍ ഇതുവരെ അപകടത്തില്‍ പൊലിഞ്ഞത് ഇരുപതു ജീവനുകളാണ്. നഗരസഭാ ജംക്ഷനിലെ തിരക്ക് കുറയ്ക്കാന്‍ അടിപ്പാതയല്ലാതെ മറ്റു മാര്‍ഗമില്ല. അങ്ങനെ, നാലു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയതാണ് അടിപ്പാതയുടേത്. രണ്ടു കമ്പനികള്‍ ഇതിനോടകം പണി പാതിവഴിയില്‍ നിര്‍ത്തി മുടങ്ങി. മണ്ണുത്തി...ഇടപ്പിള്ളി ദേശീയപാതയിലെ പ്രധാനപ്പെട്ട അടിപ്പാത കൂടിയായിരുന്നു ഇത്. നിര്‍മാണം മുടങ്ങിയതോടെ ജനം രോഷത്തിലായിരുന്നു. ചാലക്കുടിയില്‍ നിരന്തരം ഗതാഗത കുരുക്കും രൂക്ഷമായി. ദേശീയപാതയിലെ സുഗമമായ ട്രാഫിക്കിന് ചാലക്കുടി നഗരസഭാ ജംക്ഷനില്‍ കുരുക്ക് തടസമായിരുന്നു. ദേശീയപാത ഉപരോധം ഉള്‍പ്പെടെ പല സമരങ്ങള്‍ക്കും വേദിയായി. അടിപ്പാത നിര്‍മാണം പുതിയ കരാര്‍ കമ്പനി ഏറ്റെടുത്തതോടെ ചാലക്കുടിക്കാര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

അടിപ്പാതയുടെ രണ്ടു വശത്തും ഒരേസമയം നിര്‍മാണം പുനരാരംഭിച്ചു. സ്ലാബുകളുടെ കോണ്‍ക്രീറ്റ് പണിയും ആരംഭിച്ചു. ആറു മാസത്തിനകം അടിപ്പാത നിര്‍മാണം തീരുന്നതോടെ ദേശീയപാതയിലെ ചാലക്കുടി കുരുക്ക് ഒഴിവാകും. ഒപ്പം, നഗരസഭാ ജംക്ഷനില്‍ അപകട ഭീഷണിയും കുറയും.