ഇത് കേരളത്തിലെ ‘മോണോ സൈകോടിക് ട്വിൻസ്’; ലുക്കും മാർക്കും ഒരുപോലെ

 രൂപ സാദൃശ്യം അഭിരുചികളിലും തുടരുന്ന ഇരട്ടസഹോദരിമാർക്കു പ്ലസ്ടുവിന് കിട്ടിയതും ഒരേ മാർക്ക്. മിക്ക വിഷയങ്ങളിലും രണ്ടാളും നേടിയ മാർക്കും ഒരേ പോലെ. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ പറമ്പിൽ സക്കീറിന്റെയും ചലമ്പാട്ട് ആയിഷയുടെയും മക്കളായ റെന സക്കീറും റിനു സക്കീറുമാണ് ഈ അപൂർവ സഹോദരിമാർ. കോട്ടയ്ക്കൽ സൈത്തൂൻ ഇന്റർ നാഷനൽ ക്യാംപസിൽ ഹയർസെക്കൻ‍ഡറി പഠനം നടത്തിയ ഇരുവർക്കും ലഭിച്ചത് 1200 ൽ 1185.

രണ്ടാൾക്കും കണക്കാണ് ഇഷ്ട വിഷയം. കണക്കിലും മലയാളത്തിലും 200 വീതം നേടി. ഫിസിക്സിൽ 199 മാർക്കും ബയോളജിയിൽ 197 മാർ‍ക്കുമാണ് ലഭിച്ചത്. ഇംഗ്ലിഷ്, കെമിസ്ട്രി എന്നിവയിൽ മാത്രം ഇരുവരും തമ്മിൽ ഓരോ മാർക്ക് വ്യത്യാസം. സഹോദരിമാർ വേങ്ങര സ്കൂളിൽ വെവ്വേറെ സീറ്റുകളിലായിരുന്നു പരീക്ഷ എഴുതിയത്. പഠനത്തിൽ മാത്രമല്ല ഇവരുടെ മനപ്പൊരുത്തം, പാട്ട് പാടുന്നതിലും ചിത്രകലയിലും കഴിവു തെളിയിച്ചിട്ടുണ്ട്.

ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായ ഷമീം ഏക സഹോദരനാണ്. ഇങ്ങനെ എല്ലാം കൊണ്ടും സാമ്യം പുലർത്തുന്ന അപൂർവ പ്രതിഭാസത്തെ ‘മോണോ സൈകോടിക് ട്വിൻസ്’ എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നതെന്നും ഇവരുടെ വിവരങ്ങൾ ഹൈദരാബാദ് സെന്റർ ഫോർ മോളിക്യുലാർ ബയോളജി, അമേരിക്കൻ സൈക്യാട്രി അസോസിയേഷൻ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു.