ഓസ്കാർ ശാപമായി; എന്നെ വേണ്ടെന്ന് പലരും മുഖത്തുനോക്കി പറഞ്ഞു: റസൂൽ

ഓസ്കർ പുരസ്കാരം നേടിയതിനു ശേഷം ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞുവെന്നു വെളിപ്പെടുത്തി റസൂൽ പൂക്കുട്ടി. സംവിധായകൻ ശേഖർ കപൂറുമായി ട്വിറ്ററിൽ സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ബോളിവുഡിൽ തനിയ്ക്കെതിരെ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എ.ആർ.റഹ്മാൻ തുറന്നു പറഞ്ഞിരുന്നു. റഹ്മാന്റെ വിവാദ വെളിപ്പെടുത്തൽ വലിയതോതിൽ ചർച്ചകൾക്കു വഴിവച്ചു. ഇതിനു പിന്നാലെയാണ് സമാനമായ സാഹചര്യം ചൂണ്ടിക്കാണിച്ച് റസൂൽ പൂക്കുട്ടി രംഗത്തു വന്നത്. 

ഓസ്കർ ലഭിച്ചതിനു ശേഷം ബോളിവുഡിൽ അവസരങ്ങൾ കിട്ടുന്നതിന് ചില പ്രശ്നങ്ങൾ എ.ആർ റഹ്മാൻ നേരിട്ടിരുന്നതായി ശേഖർ കപൂർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഓസ്കർ നേടിയാൽ പിന്നെ ബോളിവുഡിൽ നിലനിൽപ്പുണ്ടാവില്ല എന്നും ബോളിവുഡിന്റെ അന്ത്യചുംബനമാണ് ഓസ്കർ എന്നാണ് പൊതുവേ പറയാറുള്ളത് എന്നുമായിരുന്നു സംവിധായകന്റെ വാക്കുകൾ. ഈ പ്രസ്താവനയോടു പ്രതികരിക്കവെയാണ് ബോളിവുഡിൽ താൻ അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ച് റസൂൽ പൂക്കുട്ടി വെളിപ്പെടുത്തിയത്. 

‘ഓസ്കർ ലഭിച്ചതിനു ശേഷം എനിക്ക് ഹിന്ദി സിനിമയിൽ നിന്നും ഫോൺകോളുകൾ വരാതെയായി. റീജിണൽ സിനിമകളാണ് എനിക്ക് തുണയായത്. ‘താങ്കളെ ‍ഞങ്ങൾക്കു വേണ്ട’ എന്നു മുഖത്തു നോക്കി പറഞ്ഞ പ്രൊഡക്ഷൻ ഹൗസ് ഉടമകൾ വരെയുണ്ട്. എന്നെ വിശ്വസിച്ച് എനിക്ക് അവസരങ്ങൾ നൽകുന്ന വളരെ കുറച്ചുപേരേയുള്ളു. 

അന്ന് ഹോളിവുഡിലേക്ക് കടക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ത്യയിൽ തന്നെ തുടരണമെന്നും ഇന്ത്യൻ സിനിമകളുടെ ഭാഗമാകണമെന്നും കരുതിയാണ് ഞാൻ ഇവിടെത്തന്നെ നിന്നത്. ഓസ്കർ ശാപമാണ് എനിക്കുണ്ടായത്. അത് നാളെ ആർക്കും സംഭവിക്കാവുന്ന ഒന്നാണ്. ലോകത്തിൽ തന്നെ ഒന്നാമതെത്തുകയും തിരസ്കരിക്കപ്പെടുകയും ചെയ്തയാളാണു ഞാൻ. എല്ലാത്തരം അവസ്ഥകളിൽ കൂടിയും ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ ഞാൻ ഇപ്പോഴും സിനിമാ രംഗത്തെ സ്നേഹിക്കുന്നു’– റസൂൽ പൂക്കുട്ടി പറഞ്ഞു. 

2009–ൽ ‘സ്ലം ഡോഗ് മില്യണയർ’ എന്ന ചിത്രത്തിലൂടെയാണ് എ.ആർ റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കർ സ്വന്തമാക്കിയത്. അതിനു ശേഷം നേരിട്ട സമാന സാഹചര്യങ്ങളെക്കുറിച്ചുള്ള ഇരുവരുടെയും തുറന്നു പറച്ചിലുകൾ ഇപ്പോൾ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. പ്രമുഖരുൾപ്പെടെ പലരും എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയ്ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ട്.