"ഈ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ വാഴയിലയും സ്പേസ്ഷിപ്പും കാണാം"; വിഡിയോ

വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നത് ടെലസ്കോപ്പാണോ മൈക്രോസ്കോപ്പ് ആണോ? നിങ്ങളുടെ ഉത്തരം എന്തുതന്നെയായാലും  ആകാശം അടുത്തുകാണാൻ രണ്ട് കുട്ടികുറുമ്പൻമാർ നിർമ്മിച്ചിരിക്കുന്ന ഉപകരണത്തിന്റെ പേര് മൈക്രോസ്കോപ്പ് എന്നാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'മൈസ്ക്രോകോപ്പ്'. ഇത് ഉണ്ടാക്കിയിരിക്കുന്നത് ആകട്ടെ ഒട്ടും മുടക്കുമുതൽ വേണ്ടാത്ത പപ്പായയുടെ തടികൊണ്ട്.

ഒടിഞ്ഞു കിടന്ന പപ്പായയുടെ തടിക്കഷണങ്ങൾ  ടെലസ്കോപ്പിന്റെ മാതൃകയിൽ സെറ്റ് ചെയ്ത് കളിക്കുന്ന രണ്ടു വിരുതന്മാരെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ ഹോംമെയ്ഡ് ടെലസ്കോപ്പിന്റെ പ്രവർത്തനത്തെ പറ്റി കൂട്ടത്തിലെ വിദഗ്ധൻ വിശദമായി പറഞ്ഞു തരുന്നുമുണ്ട്.  നമ്മുടെ 'മൈസ്ക്രോകോപ്പി'ലൂടെ നോക്കിയാൽ വാഴയില ഒക്കെ കാണാൻ പറ്റുമത്രേ. എന്തായാലും വിഡിയോ എടുക്കുകയല്ലേ എന്നാൽ പിന്നെ ബാക്കി കയ്യിൽ നിന്നും ഇട്ട് പറഞ്ഞുകളയാമെന്നു കരുതി കത്തികയറുകയാണ് കക്ഷി.

ഭൂമിയുടെ  അറ്റം വരെ പോവും, സ്പെയ്സ്ഷിപ്പ് ഒക്കെ കാണാം എന്നു വരെ എത്തി കാര്യങ്ങൾ. ഇനി ഇത്രയൊക്കെ പറഞ്ഞിട്ട് കേൾക്കുന്നവർക്ക് വിശ്വാസമായില്ലെങ്കിലോ എന്ന് കരുതി ഒരു പടികൂടി കടന്നാണ് പിന്നെയുള്ള വിശദീകരണം. മൈക്രോസ്കോപ്പിലൂടെ നോക്കിയപ്പോൾ വേറെ എന്തോ ഒരു സാധനം കണ്ടുവെന്നും എന്നാൽ അത് എന്താണെന്ന് ശരിക്കും മനസ്സിലായില്ല എന്നുമാണ് വിരുതൻ പറയുന്നത്..

ഈ ടെലിസ്കോപ്പ് നിർമ്മാതാക്കളുടെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇവർ വളർന്നുവരുന്ന ശാസ്ത്രജ്ഞന്മാർ ആണെന്നും  ഇനിയും വീട്ടിൽ ഇരുന്നു ബോറടി കൂടിയാൽ ഇവന്മാർ സ്പെയ്സ്ഷിപ്പ് വരെ ഉണ്ടാക്കിക്കളയും എന്നുമൊക്കെയാണ് പ്രതികരണങ്ങളിൽ നിറയുന്നത്.