ബൈക്കിൽ സഞ്ചാരിയായി പൊലീസ് മേധാവി; മൂന്നിടത്ത് തടഞ്ഞു; കടയിൽ കയറ്റിയില്ല

കർണാടകയിൽ നിന്നെത്തിയ സഞ്ചാരിയായി ബൈക്കിൽ വേഷം മാറി വന്ന ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ സഹപ്രവർത്തകനൊപ്പം

അയല്‍സംസ്ഥാനങ്ങളില്‍നിന്നു മുത്തങ്ങ വഴി കടന്നശേഷം നേരെ ക്വാറന്റീനില്‍ പോകാതെ മുത്തങ്ങയിലും ബത്തേരിയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടക്കുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കി പൊലീസ്. അതിര്‍ത്തിയില്‍ വച്ച് വാഹനങ്ങളില്‍ പൊലീസ് പതിക്കുന്ന  സ്റ്റിക്കര്‍ ആരും തിരിച്ചറിയാതിരിക്കാനായി കീറിക്കളഞ്ഞശേഷം കടകളിലും  മറ്റും  കറങ്ങിനടക്കുന്നതായി വ്യാപാരികളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതല്‍ ജാഗരൂകരായത്.  

അതിനിടെ, പൊലീസ് പരിശോധനയുടെ കാര്യക്ഷമത പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവി തന്നെ നേരിട്ടിറങ്ങി. കര്‍ണാടകയില്‍നിന്നു ബൈക്കില്‍ മടങ്ങുന്ന സഞ്ചാരിയായി വേഷം മാറിയാണ് ജില്ലാ പൊലീസ് മേധാവി ആര്‍.ഇളങ്കോ സഹപ്രവര്‍ത്തകനൊപ്പം മുത്തങ്ങയിലെത്തി.  ഹെല്‍മെറ്റും മാസ്കും ജാക്കറ്റുമെല്ലാം ധരിച്ചിരുന്നതിനാല്‍ പൊലീസുകാര്‍ക്കു പോലും  മേലുദ്യോഗസ്ഥനെ തിരിച്ചറിയാനായില്ല. 3 പൊലീസുകാര്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ചോദ്യവും ചെയ്തു. ബത്തേരിയിലെ മൊബൈല്‍ കടയില്‍ കയറിയ ഇളങ്കോയെ കടയുടമയായ യുവാവ് ഇവിടെ നിന്നു സാധനം വാങ്ങാനാകില്ലെന്നു പറഞ്ഞു തടഞ്ഞ് തിരിച്ചയയ്ക്കുകയും ചെയ്തു. 

പൊലീസ് പരിശോധന ശക്തമാണെന്നും കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും  ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ബീനാച്ചിയടക്കുള്ള ചില പ്രദേശങ്ങളില്‍ വ്യാപാരികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. വാഹനത്തില്‍ വരുന്നവര്‍ക്കു വഴിക്കണ്ണ് സ്റ്റിക്കര്‍ ഉണ്ടോയെന്നു പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ പരിശോധന കഴിഞ്ഞു സ്വദേശത്തേക്കു തിരിക്കുന്നവരുടെ വാഹനങ്ങളില്‍ കഴിഞ്ഞയാഴ്ച മുതലാണ് പൊലീസ് സ്റ്റിക്കര്‍ പതിച്ചുതുടങ്ങിയത്.