വിപുലമായ ഗൃഹപ്രവേശനം, പരിശോധനയിൽ വീട്ടുടമയ്ക്ക് കോവിഡ്

നാദാപുരം∙ ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ ആരോഗ്യ വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചതാണ് നാദാപുരം, തൂണേരി പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനു കാരണമെന്ന് അധികൃതർ. മരണ വീടുകളിലും വിവാഹ വീടുകളിലും നിർദേശങ്ങൾ ലംഘിക്കപ്പെട്ടു. നാദാപുരത്ത് വിപുലമായ ഗൃഹപ്രവേശനം നടത്തിയ വീട്ടുടമയ്ക്ക് തന്നെ പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഈ ഗൃഹപ്രവേശനത്തിൽ പങ്കെടുത്തവർ അടക്കം ഒട്ടേറെ പേർ നിരീക്ഷണത്തിലാണ്. 

തൂണേരി പഞ്ചായത്തിൽ 2 പേർക്കും നാദാപുരം പഞ്ചായത്തിൽ ഒരാൾക്കുമാണ് ആദ്യം കോവിഡ്  സ്ഥിരീകരിച്ചത്. ഇവരിൽ നാദാപുരം പഞ്ചായത്തുകാരനായ രോഗിയുടെ ഫലം  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ച ഇയാൾ ഇപ്പോഴും ചികിത്സ തുടരുകയാണ്. പിന്നാലെ ഭാര്യയുടെ ഫലം പോസിറ്റീവായി. 

ഇതിനിടയിലാണ് കണ്ണൂർ ജില്ലയിലെ മരണ വീട്ടിൽ  എത്തിയ തൂണേരി പഞ്ചായത്തിലെ  സ്ത്രീക്കും യുവാവിനും   കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ യുവാവിന്റെ സമ്പർക്കപ്പട്ടിക വിപുലമായതാണ് കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണം.  പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ ആദ്യ ഫലം പോസിറ്റീവ് ആയ തൂണേരിയിൽ തിങ്കളാഴ്ച 47 പേരാണ് രോഗികളുടെ പട്ടികയിലായത്. 

ഇന്നലെ 568 പേരുടെ സ്രവം പരിശോധിച്ചതിൽ 43 പേരുടെ ആദ്യ പരിശോധന ഫലം പോസിറ്റീവായി. നാദാപുരം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാകുകയും തൂണേരിയിൽ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ സമീപ  പഞ്ചായത്തുകളായ എടച്ചേരിയിലും വളയത്തും ചെക്യാട്ടും ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ 5 വരെ മാത്രമായിരിക്കും. മത്സ്യ, മാംസ വിൽപനയ്ക്ക് പൂർണ വിലക്കേർപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.