കുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിപിടിച്ച് ഫോട്ടോഷൂട്ട്; രോഷം

പിഞ്ചു കുഞ്ഞിനെ ഉപയോഗിച്ച് സാഹസികമായി ഫോട്ടോയെടുക്കാൻ  ശ്രമിച്ചതിന് സൈബർ ലോകത്തിന്റെയാകെ രോഷം ഏറ്റുവാങ്ങുകയാണ് ചൈനയിൽനിന്നുള്ള രണ്ടുപേർ. അഗാധമായ ഒരു കൊക്കയുടെ മുകൾഭാഗത്ത് മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ രണ്ടു കയ്യിലും പിടിച്ചു തൂക്കിയിട്ട് ഫോട്ടോ എടുക്കാനാണ് ഇരുവരുടെയും ശ്രമം. കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകേണ്ടിയിരുന്ന ഈ പ്രവർത്തിയാണ് ജനങ്ങളുടെ രോഷത്തിന് ഇടയാക്കുന്നത്. 

ഇരുകാലുകളും ചരിവിൽ ഉറപ്പിച്ച കുഞ്ഞിന്റെ രണ്ടു കൈകളിലും മുകളിൽ നിന്ന് ഒരാൾ തൂക്കി പിടിച്ചിരിക്കുകയാണ്. മറ്റൊരാൾ ആകട്ടെ പിന്നിൽ നിന്നും കുഞ്ഞിന്റെ ചിത്രം പകർത്തുന്നു. ഇടയ്ക്ക് വശത്തേക്ക് നോക്കുന്ന കുഞ്ഞിന്റെ ശ്രദ്ധ ക്യാമറയിലേക്ക് തിരിക്കുന്നതിനു വേണ്ടി കൈകളിൽ പിടിച്ച് കുലുക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ചെറുതായെങ്കിലും പിടിവിട്ടു പോയിരുന്നെങ്കിൽ  കുഞ്ഞിന്റെ ജീവൻ തന്നെ നഷ്ടപെടുമെന്ന് ഉറപ്പായിട്ടും  വളരെ ലാഘവത്തോടെയാണ് ഇരുവരുടെയും പെരുമാറ്റം. സ്ഥലം കാണാൻ എത്തിയ സന്ദർശകരിൽ ഒരാളാണ്  അൽപം അകലെ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സമീപത്തു നിൽക്കുന്നവരാരും ഇതിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ആശ്ചര്യകരമായ മറ്റൊരു വസ്തുത.

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതോടെ ആളുകൾ രോഷപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. ഈ പ്രവർത്തി ചെയ്തവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗവും  പ്രതികരിച്ചത്. കുഞ്ഞിന്റെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മാതാപിതാക്കളുടെ അരികിൽ നിന്നും എത്രയും വേഗം അവനെ മാറ്റണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നു. കണ്ടതിൽ വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന ദൃശ്യമാണ് ഇതെന്നും കുഞ്ഞിന്റെ ജീവൻ പണയം വച്ച് ഫോട്ടോ ചിത്രീകരിക്കാൻ എങ്ങനെ മനസ്സു വന്നു എന്നുമുള്ള ആശങ്കയാണ് മറ്റു ചിലർ പങ്കു വയ്ക്കുന്നത്.