1.83 കോടിയുടെ ലാംബോർഗിനി; 18.87 ലക്ഷം; മലയാളി ദമ്പതികൾക്ക് മഹാഭാഗ്യം

ഓൺലൈൻ ഗെയിമിലൂടെ യു.കെ മലയാളിക്ക് ലഭിച്ചത് സ്വപ്നസമ്മാനം. ബിഒടിബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകൾക്കു വേണ്ടിയുള്ള ഗെയിമിൽ  1.83 കോടി വിലവരുന്ന  ലാംബോർഗിനിയും 20,000 പൗണ്ടുമാണ് (18.87 ലക്ഷം ഇന്ത്യൻ രൂപ) ഇവർ കരസ്ഥമാക്കിയത്.ലണ്ടനിലെ നോട്ടിംഗ്ഹാമിൽ താമസമാക്കിയ ഷിബു പോളും ലെനറ്റ് ജോസഫും ആണ് വിജയികൾ. 

ഇക്കഴിഞ്ഞ മെയ്‌ മാസം ആയിരുന്നു ഇവരുടെ ആദ്യ വിവാഹ വാർഷികം. പുതിയ ജോലിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു ഷിബു. ഇതിനിടെയാണ് സ്വപ്ന ഭാഗ്യം തേടിയെത്തിയത്. ഒരു വർഷം മുൻപാണ് പിറവം സ്വദേശിയായ ഷിബു പോളും  കോട്ടയം സ്വദേശിയായ ഭാര്യ ലിനറ്റും  ലണ്ടനിലെത്തിയത്. നോട്ടിങ്ഹാമിലെ സിറ്റി ആശുപത്രിയിൽ നഴ്‌സ്‌ ആണ് ലിനറ്റ്. 

പലരും കൊതിക്കുന്ന ഭാഗ്യമാണെങ്കിലും ലംബോര്ഗിനിയുടെ മെയ്‌ന്റെനൻസ് തന്നെ കൊണ്ട് താങ്ങാനാവില്ലെന്നു പറയുന്നു ഷിബു. കാർ സ്വീകരിക്കുന്നതിന് പകരം പണമായി വാങ്ങാനുള്ള ആലോചനയിലാണ്.തിങ്കൾ മുതൽ വെള്ളി വരെ ഓണ്‍ലൈനിലാണ്  ഈ ഗെയിം. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രണ്ടുപേരുടെ മുഖഭാവത്തിൽ നിന്നും അവർക്കിടയിലുള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് കളി. ഫോർഡ് കിയ മുതൽ ഏറ്റവും മൂല്യം കൂടിയ ലംബോർഗിനി വരെ സമ്മാനമായി ലഭിക്കും. എന്നാൽ ഓരോ ക്ലിക്കിനും പണം നൽകണം എന്നതാണ് മത്സരത്തിന്‍റെ മറ്റൊരു പ്രത്യേകത.