കാക്കിക്കുപ്പായമിട്ട് ഈ കച്ചവടവും ചെയ്യാം (ഗതികേടു കൊണ്ടാ)

മലപ്പുറം : ദേശീയപാതയിൽ എംഎസ്പി ക്യാംപിനു സമീപം കാക്കിയിട്ട് പാക്കറ്റുമായി നിൽക്കുന്നവരെ കണ്ടപ്പോൾ യാത്രക്കാർക്ക് കൗതുകം. വണ്ടി നിർത്തി നോക്കുമ്പോൾ എരുന്തിറച്ചി (നീറ്റു കക്ക) വിൽക്കുകയാണ്. ആവശ്യക്കാർ വാങ്ങിപ്പോയെങ്കിലും അധികമാരും വിൽക്കുന്നവരെക്കുറിച്ച് ചോദിച്ചില്ല. കുന്നുമ്മല്ലിൽ ഓട്ടോ ഓടിക്കുന്ന കോഡൂർ സ്വദേശി പി.എം.ഷഫീഖ്, കുന്നുമ്മൽ സ്വദേശി കെ.ജിംഷാദ്, കാരാട്ട് പറമ്പ് സ്വദേശി പി.നബീൽ എന്നിവരാണ്.

ലോക്ഡൗൺ മാറിയിട്ടും ഓട്ടോയ്ക്ക് വേണ്ടത്ര ഓട്ടം കിട്ടാതായപ്പോൾ പുതിയ വരുമാനമാർഗം കണ്ടെത്തിയതാണ്. ആലപ്പുഴയിൽനിന്ന് എത്തുന്ന എരുന്തിറച്ചി അരക്കിലോയുടെ പാക്കറ്റുകളാക്കിയാണ് വിൽപന. നഗരത്തിൽ പലയിടത്തായി നടത്തുന്ന വിൽപനയിലൂടെ ചെറിയ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. 

ഇതിനിടയിൽ ആരെങ്കിലും ഓട്ടം വിളിച്ചാലും പോകും. കൂട്ടത്തിൽ ഒരാൾക്ക് മാത്രമേ സ്വന്തമായി ഓട്ടോ ഉള്ളൂ. സ്കൂളുകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചാലേ പഴയ പടി ഓട്ടം കിട്ടൂ എന്നും അവർ പറയുന്നു.