ഊണിന് 100രൂപ; ദമ്പതികളെ വലച്ച് വിഡിയോ; പിന്നാലെ ജനത്തിരക്ക്; കഥ ഇങ്ങനെ

വാഴയിലയിട്ട് നാടൻ കറികളടക്കം രുചിയുള്ള ഭക്ഷണം. ഒരു കുടുംബത്തിന്റെ ജീവിതമാർഗമാണ് ചെറുവക്കലുള്ള ഹോട്ടൽ അനുഗ്രഹ. ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ ചെറിയ കട. കിലോമീറ്ററുകൾ സഞ്ചരിച്ച് ഒട്ടേറെ പേരാണ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നത്. ഇതിന് പിന്നിൽ രുചിക്കൊപ്പം ഒരു പിന്തുണ പ്രഖ്യാപിക്കൽ കൂടിയുണ്ട്. 

മനുഷ്യാവകാശ പ്രവർത്തകന്റെ പ്രതിഷേധം

ദിനം പ്രതി കൂടുന്ന ഇന്ധനവില, മൽസ്യം കിട്ടാനില്ല. എങ്കിലും അനുഗ്രഹയിൽ രുചിക്ക് കുറവില്ല. നാലുകൂട്ടം കറികളും ചോറും സാമ്പാറും മോരും മീൻകറിയും അടങ്ങുന്ന ഉൗണ്. 60 രൂപയാണ് ഉൗണിന്. മീൻകറി കൂടി ഉണ്ടെങ്കിൽ നൂറുരൂപ. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സജിയുടെയും ലിസിയുെടയും ചെറിയ കടയെ കുറിച്ച് പ്രതിഷേധ വിഡിയോ വരുന്നത്. 

രണ്ടുപേർ വന്ന് ഭക്ഷണം കഴിച്ചു. മീൻകറി അടക്കമാണ് കഴിച്ചത്. നൂറുരൂപ ബില്ല് പറഞ്ഞപ്പോൾ രണ്ടാളും പണം കൊടുത്ത് കടയുടെ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിലൂടെ ലൈവ്. ‘ഇവിടെ വലിയ അക്രമമാണ് നടക്കുന്നത്. ഒരു ഉൗണിന് 100 രൂപ. ഞാനൊരു മനുഷ്യവകാശ പ്രവർത്തകനാണ്.. ഇവിടെ വില വിവരപട്ടിക പോലും ഇല്ല..’ എന്നീ വാദങ്ങൾ ഉയർത്തി ഈ വ്യക്തി രോഷം പ്രകടിപ്പിച്ചു.

വിഡിയോ എടുക്കുന്നുണ്ടെന്ന് പോലും അറിയാതെ കടയുണ്ടായിരുന്ന ലിസി ഇവർക്ക് മറുപടി കൊടുക്കുന്നുണ്ട്. ‘മീൻ കറി കൂടി ഉള്ളതുകൊണ്ടാണ് സാറെ, നൂറുരൂപ. ഉൗണ് മാത്രമാണെങ്കിൽ 60 രൂപയാണ്’. എന്നിട്ടും ഈ പാവങ്ങളെ വെറുതേ വിടാൻ മനുഷ്യാവകാശ പ്രവർത്തകൻ തയാറായില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കുടുംബത്തെ അപമാനിക്കാനും ശ്രമിച്ചെന്നും സജി പറയുന്നു. അനുവാദമില്ലാതെയാണ് തന്റെ വിഡിയോ എടുത്തതെന്ന് ലിസിയും വ്യക്തമാക്കുന്നു. 

വിഡിയോ വൈറലായതും പാവം ഈ ദമ്പതികൾ അറിഞ്ഞില്ല. പിന്നീട് സമീപത്തെ ഓട്ടോ റിക്ഷാ തൊഴിലാളികളാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്ന കാര്യം ഇവരോട് പറഞ്ഞത്.

അണപൊട്ടിയ രോഷം

വിഡിയോ ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിച്ചെങ്കിലും ജനം പിന്തുണച്ചത് ഈ ദമ്പതികളെയാണ്. ‘വലിയ ഒരു ഹോട്ടിലായിരുന്നെങ്കിൽ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ ധൈര്യം വരുമോ, മീൻ കറി അടക്കം കൂട്ടി ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കണം, അല്ലാതെ ഇതല്ല ചെയ്യേണ്ടത്, ഇതാണോ മനുഷ്യാവകാശപ്രവർത്തനം.. എന്നിങ്ങനെ സമൂഹമാധ്യമങ്ങളിൽ കമന്റുകൾ എത്തി. ഇതോടെ ഇയാൾ വിഡിയോ നീക്കം ചെയ്തതായും പറയുന്നു. പക്ഷേ കഥ അവിടെ അവസാനിച്ചില്ല.

അനുഗ്രഹയിലേക്ക് ഒഴുക്ക്

വിഡിയോ വൈറലായതോടെ സജിയുടെയും ലിസിയുടെയും ഹോട്ടലിലേക്ക് ഇപ്പോൾ ജനങ്ങളുടെ ഒഴുക്കാണ്. കിലോമീറ്ററുകൾ താണ്ടി ഒട്ടേറെ പേർ ഇവിടെ എത്തി ഭക്ഷണം കഴിക്കുന്നു. രുചിയുടെ അനുഗ്രഹം തന്നെയെന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കിടുന്നു. മലയാളി പൊളിയല്ലേ എന്ന് ചോദിച്ച് സ്നേഹം പങ്കുവച്ച് മറ്റുചിലരും.

വധഭീഷണിയുടെ ഫോൺകോൾ

ഒടുവിൽ ഇന്നലെ രാത്രി സജിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. നിന്നെ വെട്ടും, കട കത്തിക്കും എന്നിങ്ങനെ ഭീഷണിയുടെ സ്വരം. ആരാണ് വിളിച്ചതെന്ന് അറിയില്ല. നമ്പർ സഹിതം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോവുകയാണെന്നും സജി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.