അന്നവർ സേനയിൽ കയറിയത് ലാമ വേഷത്തിൽ; ചൈനയുടെ തടവിൽ കഴിഞ്ഞത് 5 മാസം

അതിർത്തിയിൽ അശാന്തി ഉയരുമ്പോൾ 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ 5 മാസത്തോളം ചൈനീസ് പട്ടാളത്തിന്റെ തടവിൽ കഴിഞ്ഞ ഓർമയിലാണ് ഓണററി ക്യാപ്റ്റൻ മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് ശാന്തിനിലയം ആർ.സുകുമാരപിള്ള (79). യുദ്ധത്തിൽ കാണാതായതായി രേഖപ്പെടുത്തി ഹരിപ്പാട് താമല്ലാക്കലെ കുടുംബ വീട്ടിലേക്കു ടെലഗ്രാഫ് ലഭിച്ചതോടെ സുകുമാരപിള്ള മരിച്ചെന്നു ബന്ധുക്കൾ കരുതിയ 4 മാസം, അവസാനം ജീവനോടെയുണ്ടെന്ന പ്രതീക്ഷ വീട്ടുകാർക്കു നൽകി അയച്ച കത്ത്..

അതൊക്കെ ഈ ധീര സൈനികന്റെ മനസ്സിൽ തെളിമ മാറാതെയുണ്ട്. 1961ൽ ജനുവരിയിൽ മദ്രാസ് റജിമെന്റിന്റെ ഭാഗമായി. പരിശീലനത്തിനു ശേഷം കുറച്ചു ദിവസത്തെ അവധിക്കായി 1962ൽ നാട്ടിലെത്തിയപ്പോൾ അടിയന്തരമായി മടങ്ങിയെത്താൻ നിർദേശം ലഭിച്ചു. അങ്ങനെ അതിർത്തിയിലേക്കു യുദ്ധത്തിനു പോയി. അതിർത്തിയിലെ മലനിരകളിലൂടെയുള്ള യാത്രയിൽ പലപ്പോഴും ചൈനീസ് പട്ടാളത്തെ തുരത്തിയാണ് മുന്നേറിയത്. യാത്രയ്ക്കിടയിൽ സഹായത്തിനായി ടിബറ്റൻ ലാമകൾ ഉണ്ടായിരുന്നു.

എന്നാൽ ചൈനീസ് പട്ടാളക്കാർ ലാമ വേഷത്തിൽ ഈ സംഘത്തിൽ കയറിക്കൂടിയിരുന്നു. 25 പേരടങ്ങുന്ന സംഘങ്ങളായാണ് ഇന്ത്യൻ പട്ടാളം സഞ്ചരിച്ചിരുന്നത്. വേഷം മാറിയെത്തിയ ചൈനീസ് പട്ടാളം വഴികാട്ടുന്നതിനിടെ ഇന്ത്യൻ സംഘത്തെ ബന്ദികളാക്കി. ഏകദേശം 5 മാസത്തോളം ചൈനീസ് തടവിൽ കഴിഞ്ഞു. തടവിൽ കഴിയവേ ഭക്ഷണവും പുസ്തകങ്ങളും ചൈനീസ് പട്ടാളം നൽകിയിരുന്നു. ചൈനയെ പുകഴ്ത്തുന്ന പുസ്തകങ്ങൾ ആയിരുന്നു ഏറെയും. പുസ്തകം വായിച്ചോ എന്നറിയാൻ ദിവസവും ചോദ്യങ്ങളും ഉണ്ടായിരുന്നു.

യുദ്ധത്തിനിടെ സുകുമാരപിള്ളയെ കാണാതായതായെന്ന സന്ദേശം 1963ജനുവരിയിൽ  വീട്ടിലേക്കു ലഭിച്ചു. ഇതോടെ വേദനയിലായി കുടുംബം. ഏപ്രിലിൽ വീട്ടിലേക്കു കത്ത് അയയ്ക്കാൻ ചൈനീസ് പട്ടാളം അനുവാദം നൽകി. ഇതിലൂടെയാണു മകൻ ജീവനോടെയുണ്ടെന്ന് വീട്ടുകാർ മനസ്സിലാക്കിയത്. ധാരണ പ്രകാരം 1963ൽ ബന്ദികളെ ചൈനീസ് പട്ടാളം മോചിപ്പിച്ചു. ഇന്ത്യൻ സേന ഇവരെ അവസാനം റാഞ്ചിയിൽ എത്തിച്ചു. ചൈനീസ് തടവിലായിരുന്നപ്പോൾ പ്രദേശത്തെക്കുറിച്ചു മനസ്സിലാക്കിയതൊക്കെ കൃത്യമായി വിശദീകരിച്ചു നൽകി.

ചൈനയ്ക്കും പാക്കിസ്ഥാനും എതിരെ മൊത്തം 3 യുദ്ധങ്ങളിൽ ജന്മനാടിനായി പോരാടിയതിന്റെ ഓർമ കൊച്ചുമക്കളുമായി പങ്കുവച്ചു ചെട്ടികുളങ്ങരയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് സുകുമാരപിള്ള. ഭാര്യ: ശാന്തകുമാരിയമ്മ (റിട്ട.അധ്യാപിക, ചെട്ടികുളങ്ങര എച്ച്എസ്എസ്), മക്കൾ: സുദീപ് (ഖത്തർ), സുഭാഷ് (ഡൽഹി), ശുഭ. മരുമക്കൾ: ശ്രീകല (അധ്യാപിക, ചെട്ടികുളങ്ങര എച്ച്എസ്എസ്), ബീന (ഡൽഹി), വിനീത്കുമാർ (സൗദി).