കൗതുകം ലേശം കൂടിപ്പോയി; പുഴയിലേക്ക് ജീപ്പ് ഓടിച്ചു; വെള്ളത്തിൽ മുങ്ങി കുടുങ്ങി

തെളിഞ്ഞ വെള്ളം കണ്ട് പുഴയിലേക്ക് ജീപ്പ് ഓടിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പുഴയുടെ മധ്യഭാഗത്തേക്ക് ഓടിച്ച ജീപ്പ് പകുതിയോളം വെള്ളത്തിൽ മുങ്ങി തിരിച്ചുപോരാനാകാതെ കുടുങ്ങി. കരുവാരകുണ്ട് മാമ്പറ്റ പാലത്തിനു സമീപം വൈകിട്ട് ആറരയോടെയാണ് സംഭവം. കോട്ടയ്ക്കലിൽനിന്നു 2 ഓഫ് റോഡ് ജീപ്പുകളിൽ കരുവാരകുണ്ടിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തിയതായിരുന്നു ഒൻപതംഗ യുവാക്കളുടെ സംഘം. കൽക്കുണ്ടിൽനിന്നു മടങ്ങിവരുമ്പോഴാണു മാമ്പറ്റയിൽ പുഴയിൽ ജീപ്പ് ഇറക്കിയത്.

ജീപ്പിലെ മണ്ണും ചെളിയും കഴുകിക്കളയാമെന്നു കരുതിയാണു പുഴയിലേക്ക് ഇറക്കിയത്. ഇവിടെ വാഹനങ്ങൾ ഇറക്കുന്ന സ്ഥലമാണെങ്കിലും പുഴയിൽ വലിയ കല്ലുകളാണ്. കൂടാതെ മഴക്കാലത്തു വാഹനങ്ങൾ ഇറക്കാറുമില്ല. എന്നാൽ സ്ഥലപരിചയമില്ലാത്ത യുവാക്കൾ ജീപ്പ് പുഴയുടെ മധ്യഭാഗത്തേക്ക് ഓടിക്കുകയായിരുന്നു. ഇതോടെ ജീപ്പിന്റെ പകുതിയിലേറെ ഉയരത്തിൽ വെള്ളം കയറുകയും ഉരുളൻകല്ലിൽ കുടുങ്ങുകയും ചെയ്തു. രാത്രി ഏഴരയോടെ മറ്റേ ജീപ്പിൽ കയർ കെട്ടിവലിച്ചു ജീപ്പ് കരയ്ക്കെത്തിച്ചു. കരുവാരകുണ്ട് പൊലീസും സ്ഥലത്തെത്തി.