‘തീവണ്ടിയല്ല, പ്രിയങ്ക ഒരുക്കിയ 1000 ബസുകൾ’; പ്രചരിക്കുന്ന ചിത്രം വ്യാജം; സത്യം ഇങ്ങനെ

അതിഥി െതാഴിലാളികൾക്ക് ബസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരും പ്രിയങ്കാ ഗാന്ധിയും തമ്മിലുള്ള പോര് മുറുകുകയാണ്. അതിർത്തിയിൽ ആയിരം ബസുകൾ തയാറാണെന്നും യോഗി അനുമതി തന്നാൽ മതിയെന്നുമാണ് പ്രിയങ്കയുടെ വാദം. ഇതോടെ രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ സജീവമായി രംഗത്തെത്തി. കിലോമീറ്റർ നീളത്തിൽ നീണ്ടുകിടന്ന ബസുകളുടെ ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ശക്തമായി. എന്നാൽ ഇൗ ചിത്രം വ്യാജമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 

ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഷ്‌മിത ദേവ് ഔദ്യോഗിക അക്കൗണ്ടില്‍ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ചിത്രം കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ സജീവമായി. കേരളത്തിലും ഈ ചിത്രം വലിയ തോതിൽ പ്രചരിച്ചിരുന്നു. 

എന്നാൽ ഈ ചിത്രം കഴിഞ്ഞ വര്‍ഷം കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉത്തർപ്രദേശ് സർക്കാർ പ്രയാഗ് രാജില്‍ തയാറാക്കിയ 500 ബസുകളുടെ ചിത്രമാണ്. യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 500 പ്രത്യേക ബസുകള്‍ അണിനിരത്തി അന്ന് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ട വാർത്ത 2019 ഫെബ്രുവരി 28ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റും ചെയ്തിരുന്നു.